National

മുംബൈയില്‍ ഒരു കപ്പ് ചായയ്ക്ക് 1,000 രൂപ!..എന്‍ആര്‍ഐ ആയിട്ടുപോലും ഇന്ത്യയിലെ സാമ്പത്തിക ചെലവ് താങ്ങാനാവുന്നില്ല’; അനുഭവം പങ്കുവെച്ച് ട്രാവല്‍ വ്‌ളോഗര്‍

മുംബൈ: ഇന്ത്യയിലെ ജീവിതച്ചെലവ് വർധിച്ചുവരുന്നതിന്‍റെ അനുഭവം പങ്കുവെച്ച് ദുബൈ ട്രാവല്‍ വ്‌ളോഗറും റേഡിയോ ജോക്കിയുമായ പരീക്ഷിത് ബലോച്ചി. എന്‍ആര്‍ഐ ആയിട്ടും പോലും ഇന്ത്യ സന്ദര്‍ശനവേളിയില്‍ തനിക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്ന് പരീക്ഷിത് ബലോച്ചി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. ബലോച്ചിയുടെ വിഡിയോ സോഷ്യല്‍മീഡിയയിലും വൈറലായി. സമാന അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേരാണ് വിഡിയോക്ക് കമന്‍റ് ചെയ്തിരിക്കുന്നത്.മുംബൈയിലെ ഒരു ഹോട്ടലിൽ ഒരു കപ്പ് ചായയ്ക്ക് 1,000 രൂപ ചെലവായതടക്കമുള്ള ഉദാഹരണങ്ങളാണ് ബലോച്ചി വിഡിയോയില്‍ പറയുന്നത്. ‘ദുബൈയിലുള്ള എന്‍ആര്‍ഐ ആയ എനിക്ക് ഇന്ത്യയില്‍ ഇത്രത്തോളം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വിദേശകറസിയുടെ പ്രയോജനം എന്‍ആര്‍ഐമാര്‍ക്ക് കിട്ടാറുണ്ട്.എന്നാല്‍ ഇന്ത്യയില്‍ അതുകൊണ്ടൊന്നും ചെലവുകള്‍ താങ്ങാനാകില്ല.ദിര്‍ഹമിനെ രൂപയിലേക്ക് മാറ്റുന്ന സമയത്ത് ഇപ്പോള്‍ ഞാന്‍ ഞെട്ടുകയാണ്. മുമ്പ് ഇങ്ങനെയല്ലായിരുന്നു’. അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ ഉയർന്ന ജീവിതച്ചെലവിനെക്കുറിച്ചുള്ള പരീക്ഷിത് ബലോച്ചിയുടെ അനുഭവങ്ങള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചകള്‍ക്ക് വഴി വെച്ചു.അഞ്ചര ലക്ഷത്തിലധികം പേരാണ് വിഡിയോ ഇതിനോടകം തന്നെ കണ്ടത്. മുംബൈ പോലുള്ള പ്രധാന നഗരങ്ങളിലെ ജീവിതച്ചെലവുകള്‍ അധികമാണെന്ന സമാന അനുഭവങ്ങള്‍ പലരും പങ്കുവെച്ചിട്ടുണ്ട്.’എല്ലാ വര്‍ഷവും ഞാന്‍ മുംബൈ സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ ദുബൈ പോലെയോ, ചിലപ്പോള്‍ അതില്‍ കൂടുതലോ ചെലവ് കൂടുതലാണെന്ന സത്യം മനസിലാക്കിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി..’ഒരാള്‍ കമന്‍റ് ചെയ്തു. ‘ഓരോ തവണയും ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്തും എനിക്ക് ഇത് അനുഭവപ്പെടാറുണ്ട്.ഞാന്‍ ഡോളറിലാണ് സമ്പാദിക്കുന്നത്.എന്നിട്ടും എനിക്കിത് താങ്ങാന്‍ പറ്റുന്നില്ല. പക്ഷേ ഇതെല്ലാം ഇവിടുത്തെ നാട്ടുകാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്,അതിന് മാത്രം പണം ഇവര്‍ക്ക് എവിടെ നിന്നാണ് കിട്ടുന്നത്. അത് എങ്ങനെയാണെന്ന് അറിയാമെങ്കില്‍ ഞാന്‍ ഇന്ത്യ വിടല്ലായിരുന്നു..’ എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്. ഇന്ത്യയിലേക്ക് വന്നതിന് ശേഷം ദരിദ്രനായപോലെയാണ് എനിക്ക് തോന്നിയത്.ഒടുവില്‍ ആ സത്യം ഒരാള്‍ ഉറക്കെ പറഞ്ഞിരിക്കുന്നു എന്നായിരുന്നു മറ്റൊരു കമന്‍റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button