കുട്ടികളിലും ഫാറ്റി ലിവർ; വാശിപിടിച്ചാലും ഈ ഭക്ഷണങ്ങൾ വാങ്ങിക്കൊടുക്കരുത്, മുന്നറിയിപ്പുമായി ഡോക്ടർ

ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, സോഡ ചേർത്ത സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയെല്ലാം നാം ധാരാളമായി കഴിച്ചുതുടങ്ങിയിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന അളവിൽ മധുരം അടങ്ങിയിട്ടുള്ള ഈ ഭക്ഷണങ്ങൾ ഇന്ന് പലരും കുട്ടികൾക്കും നൽകുന്നുണ്ട്. എന്നാൽ, ഇത്തരം ശീലങ്ങൾ കുട്ടികളിൽ ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്ന് പറയുകയാണ് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി.
കുട്ടികളിൽ വർധിച്ചുവരുന്ന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തെക്കുറിച്ച് ചർച്ച ചെയ്യവേയാണ് ഡോക്ടറുടെ മുന്നറിയിപ്പ്.
പേസ്ട്രി, ശീതളപാനീയങ്ങൾ, കുക്കികൾ പോലുള്ള മധുരമുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകുന്നത് ഹാനീകരമാണെന്ന് ഡോക്ടർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഇപ്പോൾ കുട്ടികളിലും കണ്ടുവരുന്നുവെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘പഞ്ചസാരയിൽ 50 ശതമാനം ഗ്ലൂക്കോസും 50 ശതമാനം ഫ്രക്ടോസുമാണ് അടങ്ങിയിരിക്കുന്നത്. ഗ്ലൂക്കോസ് ശരീരത്തിന് മുഴുവൻ ഊർജം നൽകുമ്പോൾ, അധികമുള്ള ഫ്രക്ടോസ് കരളിൽവെച്ച് കൊഴുപ്പായി മാറുന്നു. ഇത് ഫാറ്റി ലിവറിലേക്ക് നയിക്കാം. ചികിത്സിച്ചില്ലെങ്കിൽ, അത് സിറോസിസ് അടക്കമുള്ള ഗുരുതരമായ കരൾ പ്രശ്നങ്ങളായി മൂർച്ഛിക്കുകയും, ഗുരുതരമായ സാഹചര്യങ്ങളിൽ
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്യും’, ഡോക്ടർ പറയുന്നു.
