ബംഗളൂരുവിൽ 25കാരിയായ കാമുകിയെ തീകൊളുത്തിക്കൊന്ന് 52കാരൻ

ബംഗളൂരു: മുന്‍ കാമുകിയെ തീകൊളുത്തിക്കൊന്ന് 52കാരൻ. ബംഗളൂരുവിലെ ഹുളിമാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സമാന്തുരു ഗ്രാമത്തിലെ താമസക്കാരിയായ വനജാക്ഷി (25) ആണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് കാബ് ഡ്രൈവറായ വിത്തല എന്നയാളെ അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 30നാണ് പൊള്ളലേറ്റതിനെ തുടർന്ന് വനജാക്ഷിയെ ബംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവിലെ പങ്കാളി മുനിയപ്പയുടെ പരാതിയിലാണ് പൊലീസ് വിത്തലയെ അറസ്റ്റ് ചെയ്തത്. മൂന്ന് വർഷമായി ഭർത്താവുമായി പിരിഞ്ഞ് മകനുമൊത്ത് താമസിക്കുകയായിരുന്നു വനജാക്ഷി. ആറ് മാസം മുമ്പാണ് മുനിയപ്പ ജീവിതത്തിലേക്ക് കടന്നു വരുന്നത്. സംഭവ ദിവസം മുനിയപ്പക്കൊപ്പം ബന്നാർഘട്ട റോഡിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്നു വനജാക്ഷി. ഹൊമ്മദേവനഹള്ളിയിൽ വെച്ച് മറ്റൊരു കാറിൽ പിന്തുടർന്നായിരുന്നു വിത്തല ആക്രമിച്ചത്. കാനിൽ പെട്രോളുമായാണ് വിത്തല എത്തിയത്. മുനിയപ്പയുടെ കാറിനു മുകളിൽ അയാൾ പെട്രോൾ ഒഴിച്ചു. ഡോർ തുറന്ന് പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ വിത്തല തടഞ്ഞെങ്കിലും മുനിയപ്പ ഓടി രക്ഷപ്പെട്ടു.മുനിയപ്പക്കൊപ്പം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനജാക്ഷി ചെളിയിൽ വഴുതി വീണു. ഈ തക്കത്തിന് ഓടിയെത്തിയ വിത്തല അവർക്കുമേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇയാളെയും വിത്തല ആക്രമിച്ചു. വിത്തല ദിവസങ്ങളായി പീഡിപ്പിക്കുന്നുണ്ടന്നും തന്നെ പെട്രോളൊഴിച്ച് തീ കൊളുത്തിയതിന് വിത്തലക്ക് ശിക്ഷ ഉറപ്പാക്കണമെന്നും മരണമൊഴിയിൽ വനജാക്ഷി പൊലീസിനോട് പറഞ്ഞു. വിത്തലയുമായി ഒന്നിച്ച് താമസിക്കുകയായിരുന്നു വനജാക്ഷിയെന്നും ഒരു മാസം മുമ്പ് ഇരുവർക്കുമിടയിൽ കലഹം രൂക്ഷമായതിനെ തുടർന്ന് ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
