Kerala

കേരള മനസാക്ഷിയെ നടുക്കുന്ന അക്രമം ’; കുറ്റക്കാരായ പൊലീസുകാരെ പുറത്താക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍റ്

തിരുവനന്തപുരം: തൃശൂര്‍ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരെ സര്‍വിസില്‍നിന്ന് പുറത്താക്കി നിയമനടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. സാധാരണക്കാരോടുള്ള പൊലീസിന്റെ ക്രൂരത പ്രകടമാക്കുന്നതാണ് സുജിത്തിന് നേരിടേണ്ടിവന്ന കൊടിയ മര്‍ദനം. സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യം കേരള മനസാക്ഷിയെ നടുക്കുന്നതാണ്. നീതി നടപ്പാക്കേണ്ട പൊലീസാണ് ക്രിമിനല്‍ സംഘങ്ങളെപ്പോലെ പെരുമാറിയത്. സി.പി.എമ്മും മുഖ്യമന്ത്രിയും പൊലീസിനെ രാഷ്ട്രീയവത്കരിച്ചതിന്റെ ഫലമാണിത്. ചൊവ്വന്നൂര്‍ മേഖലയില്‍ പൊതുസ്വീകാര്യനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സുജിത്ത്. വഴിയരികില്‍നിന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിന്റെ നടപടി ചോദ്യം ചെയ്തതിന്റെ പകയാണ് ഉദ്യോഗസ്ഥര്‍ തീര്‍ത്തത്. ഇത്തരം പൊലീസ് ഉദ്യോഗസ്ഥര്‍ സേനക്ക് കളങ്കമാണ്. ഇവരെ ഇപ്പോഴും സര്‍വിസില്‍ തുടരാന്‍ അനുവദിച്ച ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ഈ കേസില്‍ ഉത്തരവാദികളാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കുന്നംകുളം പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ നുഹ്‌മാന്‍, സി.പി.ഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്. ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. അനീതി ചോദ്യം ചെയ്ത ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദിച്ച് കര്‍ണ്ണപടം അടിച്ചുതകര്‍ത്ത ഈ നരാധമന്മാരെ സംരക്ഷിച്ചതിലൂടെ മുഖ്യമന്ത്രി സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണെന്ന് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button