Kerala

അമീബയും ഫംഗസും ബാധിച്ച 17കാരൻ ജീവിതത്തിലേക്ക്;മൂന്ന് മാസത്തെ ചികിത്സക്കുശേഷം ആശുപത്രി വിട്ടു

തിരുവനന്തപുരം: അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പർജില്ലസ് ഫ്ലാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ലോകത്ത് തന്നെ വളരെ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാൾ രക്ഷപ്പെടുന്നത് ആദ്യമാണ്. മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പൂർണ ആരോഗ്യത്തോടെ ഡിസ്ചാർജ് ചെയ്തത്. തുടർ പരിശോധനക്ക് എത്തിയപ്പോഴും പൂർണ ആരോഗ്യവാനായിരുന്നു. മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ച മെഡിക്കൽ കോളജിലെ മുഴുവൻ ടീമിനെയും രോഗം കൃത്യസമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ ടീമിനെയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. മൂന്ന് മാസം മുമ്പ് കുളത്തിൽ മുങ്ങിക്കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ കുട്ടിക്ക് മസ്തിഷ്‌കജ്വരം ഉണ്ടാകുകയും അതിനെ തുടർന്ന് ബോധക്ഷയവും ഇടത് വശം തളരുകയും ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തി. ഉടൻ സംസ്ഥാന പ്രോട്ടോകോൾ പ്രകാരമുള്ള അമീബിക് മസ്തിഷ്‌കജ്വര ചികിത്സ ആരംഭിച്ചതോടെ തളർച്ചക്കും ബോധക്ഷയത്തിനും മാറ്റമുണ്ടായി. എങ്കിലും, കാഴ്ച മങ്ങുകയും തലച്ചോറിനകത്ത് സമ്മർദം കൂടുകയും പഴുപ്പ് കെട്ടുകയും ചെയ്തതിനെ തുടർന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടും ന്യൂറോ സർജറി വിദഗ്ധനുമായ ഡോ. സുനിൽ കുമാറാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്. ന്യൂറോ സർജൻമാരായ ഡോ. രാജ് എസ്. ചന്ദ്രൻ, ഡോ. എൽ.പി. ജ്യോതിഷ്, ഡോ. രാജാകുട്ടി, മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസസ്, മൈക്രോബയോളജി വിഭാഗങ്ങൾ എന്നിവർ ചികിത്സയിൽ പങ്കാളികളായി. രോഗം ആദ്യം കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഷാനിമോളുടെ നേതൃത്വത്തിലുള്ള ടീം, മെഡിസിൻ, ന്യൂറോളജി വിഭാഗങ്ങൾ എന്നിവരും ചികിത്സയിൽ പങ്കാളികളായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button