Crime

ബംഗാളി തൊഴിലാളിയെ കൊന്ന് മലിനജല ടാങ്കിൽ തള്ളി, സുഹൃത്ത് അറസ്റ്റിൽ

മംഗളൂരു: പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ സുഹൃത്ത് കൊന്ന് മലിനജല ടാങ്കിൽ തള്ളി. അഴുകിയ മൃതദേഹം സൂറത്ത്കലിലെ മലിനജല ശുദ്ധീകരണ ടാങ്കിനുള്ളിൽ കണ്ടെത്തി. മാൾഡ ജില്ലയിൽ രതുവ പറംപൂർ സ്വദേശി ഭൂദേവ് മണ്ഡലിന്റെ മകൻ മുകേഷ് മണ്ഡലാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് ലക്ഷ്മൺ മണ്ഡൽ എന്ന ലഖാനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്ത്കലിലെ മൂക് റോഹൻ എസ്റ്റേറ്റ് എന്ന ലേഔട്ടിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട യുവാവ്. ജൂൺ 24ന് രാത്രി ഒമ്പത് മണിയോടെ മുകേഷിനെ കാണാതായതായി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ രണ്ടിന് സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് (ക്രൈം നമ്പർ 83/2025) രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആഗസ്റ്റ് 21ന് മുകേഷിന്റെ അഴുകിയ മൃതദേഹം അയാൾ ജോലി ചെയ്തിരുന്ന അതേ എസ്റ്റേറ്റിലെ എസ്ടിപി (സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്) ടാങ്കിൽനിന്ന് കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും മനഃപൂർവം ഒളിപ്പിച്ചതാണെന്നും പൊലീസ് പറഞ്ഞു. ചേതൻ എന്ന പ്രദേശവാസിയിൽ നിന്നുള്ള സൂചനയുടെ അടിസ്ഥാനത്തിൽ ലഖാന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ റാട്ടുവ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ജൂൺ 24 ന് രാത്രി മുക്ക് റോഹൻ എസ്റ്റേറ്റ് സൈറ്റിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ താനും മുകേഷും മദ്യപിക്കുകയായിരുന്നുവെന്ന് പ്രതിയുടെ മൊഴിയിൽ പറയുന്നു. ലക്ഷ്മണന്റെ ഭാര്യയുടെ അശ്ലീല വിഡിയോകൾ മുകേഷ് തന്റെ മൊബൈൽ ഫോണിൽ കാണിച്ചെന്നും അത് താൻ രഹസ്യമായി റെക്കോഡ് ചെയ്തതാണെന്നും അറിയിച്ചു. ഇതിൽ പ്രകോപിതനായ ലക്ഷ്മൺ സമീപത്തുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് മുകേഷിന്റെ തലയിൽ അടിച്ചു. കുറ്റകൃത്യം മറച്ചുവെക്കാൻ മൃതദേഹം എസ്റ്റേറ്റിലെ എസ്.ടി.പി ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച ലക്ഷ്മണന്‍റെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പശ്ചിമ ബംഗാളിലെ രതുവ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ഇതിനകം രണ്ട് ആക്രമണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button