കെ.എസ്.ആർ.ടി.സിക്ക് ഓണക്കൊയ്ത്ത്; ഒറ്റ ദിവസത്തെ വരുമാനം 10.19 കോടി രൂപ

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാന നേട്ടവുമായി കെ.എസ്.ആർ.ടി.സി. 2025 സെപ്റ്റംബർ എട്ടിനാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെ.എസ്.ആർ.ടി.സി ചരിത്രം കുറിച്ചത്. സെപ്റ്റംബർ എട്ടിന് 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചത്.2024 ഡിസംബർ 23ന് ശബരിമല സീസണിൽ നേടിയ ഓപറേറ്റിങ് റവന്യൂ ആ 9.22 കോടി രൂപ എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് നേടിയ ഏറ്റവും കൂടുതൽ വരുമാനം 8.29 കോടി രൂപയായിരുന്നു. അതായിരുന്നു ഇതുവരെയുള്ളതിൽ വെച്ച് റെക്കോഡ് വരുമാനും. ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫിസർമാരുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് കെ.എസ്.ആർ.ടി.സി പ്രതികരിച്ചത്. പുതിയ ബസുകളുടെ വരവും സേവനങ്ങളിലെ ഗുണകരമായ മാറ്റങ്ങളും യാത്രക്കാരിൽ സ്വീകാര്യത നേടി. ഈ നേട്ടത്തിനായി പ്രവർത്തിച്ച ജീവനക്കാർക്കും യാത്രക്കാർക്കും കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രമോദ് ശങ്കർ നന്ദി പറഞ്ഞു.
