National

സി.പി. രാധാകൃഷ്ണൻ 15-ാം ഉപരാഷ്ട്രപതി, ജയം 767ൽ 452 വോട്ട് നേടി

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി എൻ.ഡി.എ സ്ഥാനാർഥി സി.പി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയപ്പോൾ രാധാകൃഷ്ണൻ 452 വോട്ട് നേടി. പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജ‍ഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. ഇൻഡ്യ സഖ്യത്തിൽ വോട്ടുചോർച്ചയുണ്ടായതോടെ സുദർശൻ റെഡ്ഡിക്ക് ലഭിക്കേണ്ട വോട്ടുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. പ്രതിപക്ഷത്തെ 315 എം.പിമാർ വോട്ട് ചെയ്തതായാണ് നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയത്.ചെറുപ്പം മുതൽ ആർ.എസ്.എസ് പ്രവർത്തകനാണ് സി.പി. രാധാകൃഷ്ണൻ. 1957 മേയ് നാലിന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ സി.കെ. പൊന്നു സാമിയുടെയും കെ. ജാനകിയുടെയും മകനായാണ് ജനനം. വി.ഒ ചിദംബരം കോളജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷമാണ് മുഴുസമയ ആർ.എസ്.എസ് പ്രവർത്തകനായത്. പിന്നീട് പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്.ഡി എടുത്തു. 1974ൽ ഭാരതീയ ജനസംഘം സംസ്ഥാന നിർവാഹക സമിതി അംഗമായി. ജനസംഘത്തിനും ജനതാ പാർട്ടിക്കും ശേഷം രൂപവത്കരിച്ച ബി.ജെ.പിയിലും അംഗമായി. 1996ൽ ബി.ജെ.പി തമിഴ്നാട് ഘടകം സെക്രട്ടറിയായി. 1998ലും 1999ലും കോയമ്പത്തൂരിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച് പാർലമെൻറ് അംഗമായി. ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ പാർലമെൻററി സമിതി അധ്യക്ഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സമിതി അംഗം, ധനകാര്യ കൂടിയാലോചന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഓഹരി കുംഭകോണം അന്വേഷിച്ച പാർലമെൻററി സമിതിയിലും അംഗമായിരുന്നു. 2004ൽ പാർലമെൻററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു. 2016 കയർ ബോർഡ് ചെയർമാനായി കൊച്ചിയിൽ പ്രവർത്തിച്ച രാധാകൃഷ്ണൻ നാലുവർഷം ഈ പദവിയിൽ തുടർന്നു. 2020 മുതൽ 2022 വരെ ബി.ജെ.പി കേരളത്തിന്റെ സംഘടനാ ചുമതലയുണ്ടായിരുന്നു. ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റായിരുന്നു (2004 -2007). ഡി.എം.കെ, എൻ.ഡി.എ സഖ്യം വിട്ടപ്പോൾ എ.ഐ.എ.ഡി.എം.കെയെ എൻ.ഡി.എയിലേക്ക് കൊണ്ടുവരുന്നതിൽ പങ്കുവഹിച്ചു. 2023 ഫെബ്രുവരി 18ന് ഝാർഖണ്ഡ് ഗവർണറായി. 2024 ജൂലൈ 31ന് മഹാരാഷ്ട്ര ഗവർണറായി നിയമിതനായി. ഇതിനിടയിൽ തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്. ഗവർണറുടെയും ചുമതല വഹിച്ചു. ഭാര്യ: ആർ. സുമതി. ഒരു മകനും മകളുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button