NationalSpot light

ഇന്ത്യയിലെ റോഡപകടങ്ങളില്‍ കൂടുതല്‍ മരണപ്പെടുന്നത് ഇരുചക്ര യാത്രികര്‍ ; കാല്‍നടയാത്രക്കാരേയും സൈക്കിള്‍ യാത്രക്കാരേയും കൂടി അപകടത്തില്‍ പെടുത്തി കൊല്ലുന്നു ; 2023 ല്‍ അപകടമരണത്തിന് ഇരയായത് 27,539 യാത്രികര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണമടയുന്നത് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. ഇവര്‍ സ്വയം മരണപ്പെടുന്നതിന് പുറമേ ഫുട്പാത്തിലൂടെ നടന്നു പോകുന്നവരെ കൂടി ഇടുപ്പിച്ച് കൊലപ്പെടുത്തുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ വാഹന അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭാവന ചെയ്യുന്നത് ബൈക്ക് യാത്രക്കാരാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഒരു കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയമാണ്. 2023-ല്‍ റോഡപകടങ്ങളില്‍ മരിച്ച ഇരുചക്ര വാഹന യാത്രികരുടെ എണ്ണം 45 ശതമാനമാണ്.

ഈ പട്ടികയില്‍ കാറുകളും ടാക്‌സികളും രണ്ടാമതും ട്രക്ക് അപകടങ്ങള്‍ മൂന്നാമതുമാണ്. ‘ഇന്ത്യയിലെ റോഡപകടങ്ങള്‍ 2023’ എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2023-ല്‍ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമായുള്ള നാലിലൊന്ന് മരണവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട കൂട്ടിയിടികള്‍ മൂലമാണ്. ഇത് മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്ക് വര്‍ധിച്ചുവരുന്ന അപകടസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഈ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ്. 27,539 യാത്രികരാണ് ഇത്തരം അപകടങ്ങളില്‍ മരിച്ചത്. കൂടുതല്‍ ബൈക്ക് യാത്രികര്‍ മരിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടാണ് ഒന്നാമത്. ഇവിടെ 1,796 കാല്‍നടയാത്രക്കാരും 5,906 ഇരുചക്രവാഹന യാത്രികരും മരിച്ചു. അതേസമയം, 2023-ല്‍ പശ്ചിമ ബംഗാളില്‍ 938 കാല്‍നടയാത്രക്കാരും ബിഹാറില്‍ 865-ഉം കര്‍ണാടകയില്‍ 787-ഉം മഹാരാഷ്ട്രയില്‍ 747-ഉം പേര്‍ മരിച്ചു.
ഇരുചക്രവാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ഏറ്റവും കൂടുതല്‍ യാത്രികര്‍ മരിച്ച സംസ്ഥാനങ്ങളെയും റിപ്പോര്‍ട്ട് തിരിച്ചറിയുന്നു. മധ്യപ്രദേശില്‍ 2,916 മരണങ്ങളും മഹാരാഷ്ട്രയില്‍ 2,646-ഉം ഉത്തര്‍പ്രദേശില്‍ 2,279-ഉം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് വാഹനങ്ങളുമായുള്ള കൂട്ടിയിടിയിലും ഇരുചക്രവാഹന യാത്രികര്‍ക്ക് വലിയ അപകടസാധ്യതയുണ്ടെന്ന് ഡാറ്റ അടിവരയിടുന്നു. ഹെല്‍മറ്റ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഇരുചക്രവാഹന യാത്രക്കാര്‍ക്കായി പ്രത്യേക പാതകള്‍ നിര്‍മിക്കുന്നത് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ വാദിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button