വിബിന് ഹാട്രിക്ക്; ബ്രൂണെയെ ആറിൽ മുക്കി ഇന്ത്യ, ഏഷ്യൻ കപ്പ് യോഗ്യത തുലാസിൽ തന്നെ

ദോഹ: അണ്ടർ -23 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ തകർപ്പൻ ജയവുമായി ഇന്ത്യ. ബ്രൂണെയെ മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. എതിരാളികളെ വലിയ വ്യത്യാസത്തിൽ തോൽപിച്ചെങ്കിലും ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത തുലാസിൽ തന്നെയാണ്. മറ്റു മത്സര ഫലങ്ങൾ കൂടി അനുകൂലമായാൽ മാത്രമേ ഇന്ത്യക്ക് യോഗ്യത ഉറപ്പിക്കാനാകു. മലയാളി താരം വിപിൻ മോഹനന്റെ ഹാട്രിക്ക് പ്രകടനമാണ് ഇന്ത്യക്ക് വലിയ വിജയം സമ്മാനിച്ചത്. അഞ്ച്, ഏഴ്, 62 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. മുഹമ്മദ് അയ്മൻ (87, 90+7 മിനിറ്റുകളിൽ) രണ്ടു ഗോളുകൾ നേടി. 41ാം മിനിറ്റിൽ ആയുഷ് ഛേത്രിയാണ് ഒരു ഗോൾ നേടിയത്. ഗ്രൂപ് ജേതാക്കൾക്കും ഏറ്റവും മികച്ച നാല് റണ്ണറപ്പുകൾക്കുമാണ് ഏഷ്യൻ കപ്പ് യോഗ്യത. രണ്ടാംസ്ഥാനക്കാരുടെ ആകെ പട്ടികയെടുത്താൽ നിലവിൽ അഞ്ചാമതാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ആദ്യ നാലിലെത്തുക മറ്റു ടീമുകളുടെ പ്രകടനങ്ങൾകൂടി അടിസ്ഥാനമാക്കിയായിരിക്കും. ഒറ്റനോട്ടത്തിൽ യോഗ്യത വാതിൽ ഏറക്കുറെ അടഞ്ഞ സ്ഥിതിയാണ്. ബഹ്റൈനെ 2-0ത്തിന് തോൽപിച്ചാണ് ഇന്ത്യ തുടങ്ങിയത്. എന്നാൽ, ഖത്തറിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് മുട്ടുമടക്കി.
