മലയാള സിനിമ ഡള്ളായി നില്ക്കുമ്പോള് വന്ന ചിത്രം; എനിക്ക് കുറേ രാജ്യങ്ങളില്‍ പോകാന്‍ അവസരം ഉണ്ടാക്കി തന്നു: ഹരിശ്രീ അശോകന്


ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകന്. 90കളില്‍ കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന് പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നു. മിമിക്രിയിലൂടെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
സീരിയസ് വേഷങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ടെങ്കിലും ഹാസ്യതാരം എന്ന നിലയിലാണ് ഹരിശ്രീ അശോകനെ മലയാളികള്‍ക്ക് കൂടുതല്‍ ഇഷ്ടം. ഇപ്പോള്‍ താന്‍ ഭാഗമായ മീശമാധവന് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്.
‘മലയാള സിനിമ ഒന്ന് ഡള്ളായി നില്ക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയാണ് ലാല്‍ ജോസിന്റെ മീശമാധവന്. സിനിമ ഒന്ന് മൊത്തത്തില്‍ ഡള്ളായി നില്ക്കുന്ന സമയമായിരുന്നു അത്. അന്നാണ് ദിലീപിനെ വെച്ചിട്ട് ഒരു സിനിമ കേറി ഹിറ്റാകുന്നത്. അ സിനിമയില്‍ ഒരു ഭാഗമാകാന്‍ പറ്റി എന്നത് സന്തോഷമുള്ള കാര്യമാണ്.
പക്ഷേ, എനിക്ക് അതിനേക്കാള്‍ ഉപരി കുറേ രാജ്യങ്ങള്‍ കാണാന്‍ അവസരം ഉണ്ടാക്കി തന്ന സിനിമയാണ് അത്. കാരണം വിഷുവിന് കണി കാണിക്കുന്ന ഒരു സീന്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു. അപ്പോള്‍ കുറെ രാജ്യങ്ങളില്‍ വിഷു ആഘോഷിക്കുമ്പോള്‍ എന്നെ വിളിക്കാറുണ്ട്. ഞാന്‍ പോയിട്ടുമുണ്ട്. കുറേ രാജ്യങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. അത് ലാല്‍ ജോസിന്റെ സിനിമയില്‍ അഭിനയിച്ചതുകൊണ്ട് കിട്ടിയ വലിയ ഒരു ഭാഗ്യമാണ്.
മീശ മാധവന്
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2002ലാണ് മീശമാധവന് റിലീസായത്. രഞ്ജന്‍ പ്രമോദാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയില്‍ കാവ്യാ മാധവന്, ദിലീപ്, ജഗതിശ്രീകുമാര്‍, ഇന്ദ്രജിത്ത്. ഹരിശ്രി അശോകന്, കൊച്ചിന് ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ അഭിനയിക്കുന്നു.മികച്ച സാമ്പത്തിക വിജയം നേടിയ മീശമാധവന്, തമിഴിലും തെലുങ്കിലും റിമേക്ക് ചെയ്യുകയുമുണ്ടായി.