വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

കൊട്ടാരക്കര: വിലങ്ങറ പിണറ്റിൻമൂട്ടിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. തെറ്റിക്കുന്നിൽ (പേഴുംവിളയിൽ) ബൈജു – ധന്യ ദമ്പതികളുടെ ഇളയ മകൻ ദിലിൻ ബൈജു ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.50നാണ് സംഭവം. ദിലിൻ അമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു. അമ്മ ധന്യ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ വീടിന്‍റെ സിറ്റൗട്ടിലെ തുറന്നുകിടന്ന ഗേറ്റ് വഴി പുറത്തെത്തിയ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.വീട്ടുകാരുടെ നിലവിളി കേട്ട് സമീപത്തെ വീട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളെത്തി കിണറ്റിലിറങ്ങി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി ആഴത്തിലേക്ക് താഴ്ന്നുപോയി. പിന്നീട് ഫയർഫോഴ്‌സ് എത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ. സഹോദരൻ: ദിയാൻ. സംസ്കാരം ഷാർജയിലുള്ള പിതാവ് ബൈജു വന്ന ശേഷം ബുധനാഴ്ച രാവിലെ 11ന് കോരുവിള മലങ്കര സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ.
