ഒരു കോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വേണം’; പേരൂർക്കട വ്യാജ മോഷണക്കേസിൽ മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ബിന്ദു

‘
തിരുവനന്തപുരം പേരൂർക്കട വ്യാജ മാല മോഷണക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഷണക്കുറ്റം ആരോപിക്കപ്പെട്ട ബിന്ദു. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. കമ്മീഷൻ സിറ്റിംഗിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാർ ജോലി നൽകണമെന്നും പരാതിയിൽ പറയുന്നു.
തിങ്കളാഴ്ച കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സർക്കാരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവരെ ഒഫീഷ്യൽ റെസ്പോണ്ടൻമാരായി തീരുമാനിച്ചു.
അതിനിടെ എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളിൽ ബിന്ദു ജോലിയിൽ പ്രവേശിച്ചു. സ്കൂളിൽ പ്യൂണായാണ് ബിന്ദുവിന് നിയമനം. സ്കൂൾ മാനേജ്മെന്റ് ബിന്ദുവിന് ജോലി നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോലി കിട്ടിയതിൽ സന്തോഷമെന്ന് ബിന്ദു പ്രതികരിച്ചു. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമെന്നാണ് ബിന്ദുവിന്റെ പ്രതികരണം.
