Business

നിലവിലെ പാൻ കാർഡ് എന്തുചെയ്യണം? പാന്‍ 2.0 ആർക്കൊക്കെ? പുതിയ കാർഡ് എങ്ങനെ ലഭിക്കും?

പാന്‍ 2.0 പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം നിരവധി സംശയങ്ങളാണ് പലരും ഉന്നയിക്കുന്നത്. ഇതില്‍ പ്രധാനം നിലവിലുള്ള കാര്‍ഡിന് എന്ത് സംഭവിക്കും എന്നതാണ്?  നിലവിലുള്ള പാന്‍ കാര്‍ഡ്, പാന്‍ 2.0 വന്നാലും സാധുതയുള്ളതായി തുടരുമെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഉപയോക്താക്കള്‍ക്ക് നിലവിലുള്ള പാന്‍ കാര്‍ഡിന്‍റെ ഇലക്ട്രോണിക് പതിപ്പ് അപേക്ഷിക്കാതെ തന്നെ അവരുടെ ഇമെയില്‍ ഐഡിയില്‍ ലഭിക്കും. ആദായനികുതി വകുപ്പ് നല്‍കുന്ന വിവരമനുസരിച്ച്, ആര്‍ക്കെങ്കിലും ഫിസിക്കല്‍ കാര്‍ഡ് വേണമെങ്കില്‍ അതിന് അപേക്ഷിക്കേണ്ടി വരും, രാജ്യത്തിനകത്താണ് താമസിക്കുന്നതെങ്കില്‍ അതിന് 50 രൂപ നല്‍കണം. പേര്, ജനനത്തീയതി മുതലായവ തിരുത്താം നിലവിലുള്ള പാന്‍ ഉടമകള്‍ക്ക് അവരുടെ ഇമെയില്‍, മൊബൈല്‍ അല്ലെങ്കില്‍ വിലാസം തുടങ്ങിയ പാന്‍ വിശദാംശങ്ങളില്‍ തിരുത്തലുകള്‍ വരുത്തണമെങ്കില്‍, പാന്‍ 2.0 പ്രോജക്റ്റ് ആരംഭിച്ചതിന് ശേഷം  അത് സൗജന്യമായി ചെയ്യാം. ഇതുകൂടാതെ, പേര്, ജനനത്തീയതി മുതലായവയിലും തിരുത്തലുകള്‍ വരുത്താം. പാന്‍ 2.0 പദ്ധതി ആരംഭിക്കുന്നത് വരെ, പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇമെയില്‍, മൊബൈല്‍, വിലാസം എന്നിവ അപ്ഡേറ്റ് ചെയ്യാനുള്ള ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചു. വ്യാജ കാര്‍ഡുകള്‍ തിരിച്ചറിയുന്നത് എളുപ്പമാകും പാന്‍ 2.0 പദ്ധതിക്ക് കീഴില്‍ ക്യുആര്‍ കോഡ് അധിഷ്ഠിത സംവിധാനം നടപ്പിലാക്കുന്നതോടെ വ്യാജ കാര്‍ഡുകള്‍ തിരിച്ചറിയുന്നത് എളുപ്പമാകും. അതിലൂടെ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ഡിജിറ്റല്‍ മോഡ് വഴി പരിശോധിക്കാനാകും. ഇതിനുശേഷം, നികുതിദായകര്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കാന്‍ കഴിയില്ല. ക്യുആര്‍ കോഡ് സൗകര്യമുള്ള പുതിയ തരം പാന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള 1435 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുന്ന പദ്ധതി നിലവില്‍ വന്ന പാന്‍ കാര്‍ഡ് നല്‍കുന്ന സംവിധാനം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊണ്ടുവന്നിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ എല്ലാ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കും ഒരു ‘യൂണിഫോം ബിസിനസ് ഐഡന്‍റിഫയര്‍’ സൃഷ്ടിക്കുക എന്നതാണ് പാന്‍ 2.0 പദ്ധതിയുടെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button