CrimeNational

8ൽ തോറ്റവ‌‍ർക്ക് വരെ മെഡിക്കൽ ബിരുദം, 70,000 രൂപയ്ക്ക് കിട്ടും സർട്ടിഫിക്കേറ്റ്; 14 വ്യാജ ഡോക്ടർമാർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ വ്യാജ ഡി​ഗ്രി സർട്ടിഫിക്കേറ്റുകൾ നൽകിയിരുന്ന സംഘം അറസ്റ്റിൽ. എട്ടാം ക്ലാസ് ബിരുദധാരികൾക്ക് പോലും 70,000 രൂപ വീതം ഈടാക്കി മെഡിക്കൽ ബിരുദ സർട്ടിഫിക്കേറ്റ് നൽകിയിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സംഘത്തിൽ നിന്ന് ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി ഡോ.രമേഷ് ഗുജറാത്തിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബോർഡ് ഓഫ് ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിസിൻ (ബിഇഎച്ച്എം) ഗുജറാത്ത് നൽകുന്ന ബിരുദങ്ങളാണ് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നത്. ഇവരുടെ പക്കൽ നിന്ന് നൂറുകണക്കിന് അപേക്ഷകളും സർട്ടിഫിക്കറ്റുകളും സ്റ്റാമ്പുകളും പൊലീസ് കണ്ടെത്തി. വ്യാജ ഡോക്ടർ ബിരുദമുള്ള മൂന്ന് പേർ അലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് റവന്യൂ വകുപ്പും പൊലീസും ചേർന്ന് ഇവരുടെ ക്ലിനിക്കുകളിൽ റെയ്ഡ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ ബിഇഎച്ച്എം നൽകിയ ബിരുദങ്ങൾ കാണിച്ചു. ഗുജറാത്ത് സർക്കാർ അത്തരം ബിരുദങ്ങളൊന്നും നൽകാത്തതിനാൽ ഇത് വ്യാജമാണെന്ന് പൊലീസിന് അപ്പോൾ തന്നെ വ്യക്തമായി. വ്യാജ വെബ്‌സൈറ്റിൽ ബിരുദങ്ങൾ രജിസ്റ്റർ ചെയ്യുകയായിരുന്നു പ്രതികൾ ചെയ്തിരുന്നത്. ഇലക്‌ട്രോ ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന് മുഖ്യപ്രതിക്ക് അറിവുണ്ടായിരുന്നു. ഇതോടെ പ്രസ്തുത കോഴ്‌സിൽ ബിരുദം നൽകുന്നതിന് ഒരു ബോർഡ് സ്ഥാപിക്കാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു. അദ്ദേഹം അഞ്ച് പേരെ നിയമിക്കുകയും അവർക്ക് ഇലക്ട്രോ ഹോമിയോപ്പതിയിൽ പരിശീലനം നൽകുകയും ചെയ്തു. മൂന്ന് വർഷത്തിനുള്ളിൽ കോഴ്‌സ് പൂർത്തിയാക്കുകയും ഇലക്‌ട്രോ ഹോമിയോപ്പതി മരുന്നുകൾ എങ്ങനെ നിർദ്ദേശിക്കാമെന്ന് അവരെ പരിശീലിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇലക്‌ട്രോ ഹോമിയോപ്പതിയോട് ജനങ്ങൾക്ക് ധാരണയില്ലെന്ന് മനസിലാക്കിയതോടെ വ്യാജഡോക്ടർമാർ തങ്ങളുടെ പദ്ധതികൾ മാറ്റി ഗുജറാത്തിലെ ആയുഷ് മന്ത്രാലയം നൽകുന്ന ബിരുദങ്ങൾ നൽകാൻ തുടങ്ങി.  ഒരു ഡിഗ്രിക്ക് 70,000 രൂപ ഈടാക്കിയാണ് പരിശീലനം നൽകിയിരുന്നത്. പണം അടച്ചാൽ 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരുന്നു രീതി. സർട്ടിഫിക്കറ്റുകൾക്ക് സാധുതയുണ്ടെന്നും ഒരു വർഷത്തിന് ശേഷം 5,000 മുതൽ 15,000 രൂപ വരെ നൽകി ഇത് പുതുക്കണമെന്നുമായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്. പുതുക്കുന്നതിനുള്ള ഫീസ് അടയ്ക്കാൻ കഴിയാത്ത വ്യാജ ഡോക്ടർമാരെ സംഘം ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button