
കോട്ടയം: മലങ്കര സഭാ തർക്കം പരിഹരിക്കപ്പെടണമെന്ന ഓർത്തഡോൿസ് സഭ മേധാവി മാത്യൂസ് തൃത്രീയൻ ബാവയ്ക്ക് പിന്തുണയുമായി കൂടുതൽ മെത്രാൻമാർ രംഗത്ത്. ഇടുക്കി അധിപൻ സക്കറിയ മാർ സേവേറിയോസാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയത്. ബാവായുടെ അഭിപ്രായത്തോടെ ക്ഷമയോടെ പ്രതികരിച്ച യുവജനങ്ങളെ മെത്രാപോലീത്ത അഭിനന്ദിച്ചു.
പോസ്റ്റിൽ നിന്നും…
“ചൊല്ലുവിളിയുള്ള മലങ്കര സഭയുടെ യുവാക്കളേ നിങ്ങൾക്ക് ഹൃദയപൂർവ്വമായ സ്നേഹാഭിവാദ്യം!
സമുദായത്തിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് പ. ബാവാ തിരുമേനി നൽകിയ സമാധാന ആഹ്വാനത്തോട് നിങ്ങൾ കാട്ടിയ പ്രതികരണം എത്രയോ ശുഭോദർക്കമാണ്.
ആത്മസംയമം ഭീരുത്വമെന്ന് കരുതുന്നവരുണ്ടാകാം.
കലക്കത്തിൻ്റെ ആത്മാവിൽ പുലഭ്യം പറയുന്നവരുണ്ടാകും. പരിഹാസികളുടെ ഇരിപ്പിടങ്ങൾ തൊട്ടടുത്തുണ്ടാവാം. അരാജകവാദികളുടെ പോർവിളികളുണ്ടാവാം.
പക്ഷെ,
വ്യവസ്ഥാപിതവും ശാശ്വതവുമായ സമാധാനത്തിൻ്റെ കനാൻ നമുക്ക് അധിക ദൂരത്തല്ല.
പിറുപിറുപ്പുകളും
നിഷേധ വർത്തമാനങ്ങളും മോശയുടെയും
പിന്നെ യോശുവായുടെയും കാലത്തുമുണ്ട്.
ശുഭവചനങ്ങൾ പറഞ്ഞ യോശുവയും കാലേബും മാത്രമാണ് വാഗ്ദത്ത നാട്ടിലേക്ക് കടന്നത്.
ശുഭവചനങ്ങൾ പറഞ്ഞ എസ്രയും നെഹമ്യാവുമാണ് തകർന്നു പോയ സമാധാനത്തിൻ്റെ പട്ടണ മതിലുകൾ പുനർനിർമ്മിച്ചത്.
നല്ലവാക്കോതുവാൻ ത്രാണിയുള്ള മലങ്കര നസ്രാണി മക്കളെ,
സ്വർഗ്ഗത്തിലെ ദൈവം നമ്മോടു കൂടെ”
.
.
✍️ – സഖറിയാ മാർ സേവേറിയോസ്
