1000 കോടി രൂപയുടെ ബിനാമി കേസ് അവസാനിപ്പിച്ചു, അതും സത്യപ്രതിജ്ഞക്ക് തൊട്ടുപിന്നാലെ; അജിത് പവാറിന് ആശ്വാസം

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസമായി ട്രിബ്യൂണൽ വിധി. 2021-ൽ പിടിച്ചെടുത്ത 1,000 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കൾ സംബന്ധിച്ച കേസ് ട്രിബ്യൂണൽ തള്ളി. അജിത് പവാറും കുടുംബവും 1000 കോടി രൂപ മൂല്യമുള്ള ബിനാമി സ്വത്തുക്കൾ കൈവശം വെക്കുന്നുവെന്ന ആരോപണം ബിനാമി സ്വത്ത് ഇടപാടുകൾ തടയുന്നതിനുള്ള അപ്പലേറ്റ് ട്രിബ്യൂണൽ തള്ളിയതിനെ തുടർന്ന് ഐടി വകുപ്പ് കേസ് അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പിറ്റേ ദിവസമാണ് കേസ് അവസാനിപ്പിച്ചത്. ബിനാമി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് 2021 ഒക്ടോബർ 7 ന് അജിത് പവാറും കുടുംബവുമായും ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിൽ ഐടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സത്താറയിലെ പഞ്ചസാര ഫാക്ടറി, ഡൽഹിയിലെ ഫ്ലാറ്റ്, ഗോവയിലെ റിസോർട്ട് തുടങ്ങി നിരവധി സ്വത്തുക്കൾ കേസിൽ കണ്ടുകെട്ടിയിരുന്നു. അന്വേഷണത്തിൽ, സ്വത്തുക്കളൊന്നും അജിത് പവാറിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ട്രിബ്യൂണൽ കുറ്റപത്രം തള്ളിയത്. നിയമാനുസൃതമായ സാമ്പത്തിക മാർഗങ്ങൾ ഉപയോഗിച്ചാണ് സ്വത്തുക്കൾ സമ്പാദിച്ചതെന്നും ബിനാമി സ്വത്തുക്കളും പവാർ കുടുംബവും തമ്മിൽ ബന്ധവും സ്ഥാപിക്കുന്നതിൽ ഐടി വകുപ്പ് പരാജയപ്പെട്ടുവെന്നും ട്രിബ്യൂണൽ പറഞ്ഞു. ബിനാമി സ്വത്തുക്കൾ സമ്പാദിക്കാൻ അജിത് പവാറോ അദ്ദേഹത്തിൻ്റെ കുടുംബമോ പണം കൈമാറിയെന്നതിന് തെളിവുകളൊന്നുമില്ലെന്നും അജിത് പവാറും സുനേത്ര പവാറും പാർത്ഥ് പവാറും ബിനാമി സ്വത്തുക്കൾ സമ്പാദിക്കുന്നതിന് പണം കൈമാറിയതിന് തെളിവില്ലെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. ആരോപണങ്ങൾക്ക് നിയമപരമായ നിലയില്ലെന്നും കുടുംബം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പവാറിന്റെ അഭിഭാഷകൻ പറഞ്ഞു. ഈ സ്വത്തുക്കൾ സ്വന്തമാക്കുന്നതിനുള്ള ഇടപാടുകൾ ബാങ്കിംഗ് സംവിധാനം ഉൾപ്പെടെയുള്ള നിയമാനുസൃത മാർഗങ്ങളിലൂടെയാണ് നടന്നതെന്നും രേഖകളിൽ ക്രമക്കേടുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
