KeralaSpot light

പ്ലാസ്റ്റിക് കസേരയിൽ നിന്ന് വീണ് പരിക്ക്, ചികിത്സാ ചെലവ് 5,72,308 രൂപ; ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് കനത്ത പിഴ

മലപ്പുറം: വിരമിച്ച സൈനികന് ചികിത്സാ ചെലവ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് തുകയായ അഞ്ച് ലക്ഷവും നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. മഞ്ചേരി വലിയട്ടി പറമ്പ് സ്വദേശി ചുണ്ടയില്‍ വിവേക് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്‍ 20 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം 2022ലാണ് റിട്ടയര്‍ ചെയ്തത്. ദില്ലിയിൽ സൈനിക വിദ്യാലയത്തില്‍ എല്‍കെജിയില്‍ പഠിക്കുന്ന കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഒരു വര്‍ഷം കൂടി സൈനിക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ അനുമതി വാങ്ങിയിരുന്നു.  അതിനിടെയാണ് കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആരോഗ്യ പോളിസി എടുത്തത്. രാജ്യത്തുടനീളം പ്രധാന ആശുപത്രികളില്‍ ചികിത്സാ സൗകര്യം ലഭിക്കുമെന്ന് മനസിലാക്കിയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. 2023 ഫെബ്രുവരി 25ന് പരാതിക്കാരന്‍ ദില്ലിയിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പ്ലാസ്റ്റിക് കസേരയില്‍ നിന്ന് താഴെ വീണ് വലത് കൈക്ക് ഗുരുതരമായി പരിക്കുപറ്റി. ദില്ലിയിലെ ഗംഗാറാം ആശുപത്രി ഉള്‍പ്പെടെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്ക് വിധേയമായതിന്റെ ചെലവായി 5,72,308 രൂപ അനുവദിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചപ്പോഴാണ് ആനുകൂല്യം നിഷേധിച്ചത്. ഇന്‍ഷുറന്‍സ് പോളിസിയിലെ മേല്‍വിലാസവും അപേക്ഷയിലെ വിലാസവും വ്യത്യസ്തമാണെന്നും പോളിസി എടുത്തപ്പോള്‍ എല്ലാ രോഗം വിവരങ്ങളും അപേക്ഷയില്‍ പറഞ്ഞില്ലെന്നും ദില്ലിയിലെ വിലാസത്തില്‍ പോളിസി എടുക്കുമ്പോള്‍ കൂടുതല്‍ പ്രീമിയം നല്‍കണമായിരുന്നു എന്നും ഇന്‍ഷുറന്‍സ് കമ്പനി ബോധിപ്പിച്ചു. അപേക്ഷയില്‍ പറഞ്ഞ വിവരങ്ങളില്‍ അപാകതയില്ലെന്നും ദില്ലിയിൽ താല്‍ക്കാലികമായി താമസിക്കുന്ന അപേക്ഷകന്‍ നാട്ടിലെ സ്ഥിരമായ മേല്‍വിലാസം നല്‍കി പോളിസി എടുത്തത് ആനുകൂല്യം നിഷേധിക്കാന്‍ കാരണമല്ലെന്നും കമ്മീഷന്‍ കണ്ടെത്തി. മഞ്ചേരിയിലെ വിലാസത്തില്‍ പോളിസി എടുത്താലും ദില്ലിയിൽ വച്ച് അപകടം പറ്റി ചികിത്സ തേടിയാല്‍ പ്രീമിയത്തിന്‍റെ അനുപാതത്തില്‍ മാത്രമേ ചികിത്സാ ആനുകൂല്യം നല്‍കുകയുള്ളൂ എന്ന വാദം ന്യായമല്ല.  ചികിത്സ തേടാന്‍ പോളിസിയിലെ വിലാസത്തിലെ പരിസരപ്രദേശത്ത് എത്തിച്ചേരണമെന്ന് വാദത്തിന് അടിസ്ഥാനവുമില്ല. ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇല്ലാത്ത വ്യവസ്ഥ പിന്നീട് മുന്നോട്ടുവയ്ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് കഴിയില്ല. പരാതിക്കാരന്റെ പോളിസി പ്രകാരമുള്ള അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും കോടതി ചെലവായി പതിനായിരം രൂപയും ഒരു മാസത്തിനകം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. വീഴ്ച വന്നാല്‍ വിധിയായ തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയും നല്‍കണമെന്ന് കെ മോഹന്‍ദാസ് പ്രസിഡന്‍റും പ്രീതി ശിവരാമന്‍ സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്ത കമ്മീഷന്‍ വിധിയില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button