ഇടുക്കി: സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് ദില്ലി പൊലീസ് അറസ്റ്റു ചെയ്തയാൾ നിരപരാധിയാണെന്ന് പൊലീസ്. കോടതിയിൽ റിപ്പോർട്ട് നൽകിയതിന്റെ ആശ്വാസത്തിലാണ് ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന ഷമീം. 35 ദിവസമാണ് ഷമീം തിഹാർ ജയിലിൽ കഴിഞ്ഞത്. നാണക്കേട് കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഷമീം ഇപ്പോഴും കഴിഞ്ഞ വർഷം നവംബർ 22നാണ് ഷമീമിനെ നെടുങ്കണ്ടത്തു നിന്നും ദില്ലി പോലീസ് അറസ്റ്റു് ചെയ്തത്. ദില്ലി സ്വദേശിയായ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 30 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിലായിരുന്നു അറസ്റ്റ്. ഷമീമിന്റെ കൈവശം ഉള്ള വിദേശ ഫോൺ നമ്പർ ഉപയോഗിച്ച് പണം ആവശ്യപ്പെട്ട് വിളിയ്ക്കുകയും വാട്‌സ് ആപ്പില്‍ വീഡിയോ കോള്‍ ചെയ്യുകയും ചെയ്തുവെന്നായിരുന്നു കേസ്. പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി ആദ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കേസിൽ ദില്ലി സ്വദേശി മാനവ് പഹാരിയ എന്നായളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ സ്വദേശിയായ ഷമീം ആറു വർഷമായി നെടുങ്കണ്ടത്താണ് താമസം. കഴിഞ്ഞ വർഷം നെടുങ്കണ്ടത്തു നിന്നും ഒരു സെക്കന്റ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഷമീം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നാണ് നിന്നാണ് സന്ദേശമെത്തിയതെന്ന് മൊബൈൽ കമ്പനി പൊലീസിന് കത്തു നൽകി. എന്നാൽ ഇത്തരത്തിൽ സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്ന നിലപാടിൽ ഷമീം ഉറച്ചു നിന്നതോടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനക്ക് അയച്ചു. പരിശോധനയിൽ ഫോണിൽ നിന്നും ഇതിനുള്ള തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഒപ്പം ഒന്നാം പ്രതിയുമായോ പെൺകുട്ടിയുമായോ ഷമീമിന് ബന്ധമുണ്ടെന്നുള്ളതിനുള്ള തെളിവുകളും ദൃശ്യങ്ങളും കിട്ടിയില്ല. ഇതോടെയാണ് ഷമീമിനെ കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ദില്ലി കോടതിയിൽ അപേക്ഷ നൽകിയത്. പക്ഷേ ചെയ്യാത്ത കുറ്റത്തിന് ഒരു വർഷത്തോളമാണ് ഷമീം പീഡിപ്പിക്കപ്പെട്ടത്. പക്ഷേ അപ്പോഴും ഈ സന്ദേശം അയച്ചതാരാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. അടുത്ത ജനുവരി പത്തിന് കേസ് പരിഗണിക്കുമ്പോൾ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി വെറുതെ വിടുമെന്നും അതു കഴിഞ്ഞാൽ അന്തസ്സായി തലയുയർത്തി നടക്കാമെന്നുമുള്ള വിശ്വാസത്തിലാണ് ഷമീമിപ്പോൾ. അഭിഭാഷകരായ ബിജു പി രാമനും ജോൺ തോമസ് അറക്കലുമാണ് ഷമീമിനായി കോടതിയിൽ ഹാജരായത്.
Related Articles
Check Also
Close