വെറും പറച്ചിലല്ല, ആപ്പിളിന്റെ സ്ലിം ഐഫോണ്‍ വരും; നിര്‍മാണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ എന്ന് റിപ്പോര്‍ട്ട്
കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ ഐഫോണ്‍ വരുമെന്ന് ഉറപ്പായതായി റിപ്പോര്‍ട്ട്. ഐഫോണ്‍ 17 എയര്‍ മോഡല്‍ നിര്‍മാണത്തിന്റെ എന്‍പിഐ (ന്യൂ പ്രൊഡക്ട് ഇന്‍ട്രൊഡക്ഷന്‍) ഘട്ടം തുടങ്ങിയതായാണ് സപ്ലൈ ചെയിന്‍ സോഴ്സുകളെ ഉദ്ധരിച്ച് ജിഎസ്എം അരീന റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഫോണ്‍ 17 സിരീസില്‍ പ്ലസ് മോഡലിന് പകരം ഐഫോണ്‍ 17 എയര്‍ എന്ന സ്ലിം ഫോണ്‍ വരുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ ഫോണ്‍ മോഡലിന്റെ എന്‍പിഐ ഘട്ടത്തിലേക്ക് ആപ്പിള്‍ കടന്നു എന്നാണ് വാര്‍ത്ത. പുതിയൊരു ഉല്പന്നത്തെ കുറിച്ചുള്ള പ്ലാനുകള്‍ തയ്യാറാക്കുന്നതും ഡിസൈന്‍ നിര്‍മിക്കുന്നതും അടക്കമുള്ള വിശാല ഘട്ടത്തെയാണ് ന്യൂ പ്രൊഡക്ട് ഇന്‍ട്രൊഡക്ഷന്‍ എന്ന് പറയുന്നത്. ഐഫോണ്‍ 17 എയര്‍ ഇപ്പോള്‍ എന്‍പിഐ ഘട്ടത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞതായി ജിഎസ്എം അരീനയുടെ വാര്‍ത്തയില്‍ പറയുന്നു. ആപ്പിളും അവരുടെ സപ്ലൈയര്‍മാരും ഐഫോണ്‍ 17 എയറിനെ കുറിച്ച് ചര്‍ച്ചകള്‍ ഇതിനകം തുടങ്ങിയിരിക്കാനാണ് സാധ്യത. ഇതിന് ശേഷം വേണം അസ്സെംബിളിംഗ് സംബന്ധിച്ചുള്ള ധാരണകളിലെത്താന്‍. ഐഫോണിന്റെ മുന്‍ സിരീസുകളിലുള്ള പ്ലസ് മോഡലിന് പകരമാണ് വരാനിരിക്കുന്ന ഐഫോണ്‍ 17 സിരീസില്‍ എയര്‍ വേരിയന്റ് വരുന്നത്. ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണായിരിക്കും ഐഫോണ്‍ 17 എയര്‍. 6 മില്ലീമീറ്റര്‍ മാത്രമായിരിക്കും ഈ ഫോണിന്റെ കട്ടി എന്നാണ് സൂചന. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 16നും പ്ലസിനും 7.8 മില്ലീമീറ്ററും, പ്രോയ്ക്കും പ്രോ മാക്സിനും 8.25 മില്ലീമീറ്ററും കട്ടിയുള്ള സ്ഥാനത്താണീ മാറ്റം. ഐഫോണ്‍ 17 എയര്‍ സഹിതം 2025 സെപ്റ്റംബര്‍ മാസത്തിലാകും ഐഫോണ്‍ 17 സിരീസ് പുറത്തിറങ്ങാന്‍ സാധ്യത.