ബിജെപി എംപി ഒഴികെ എല്ലാ കേരളാ എംപിമാരും വയനാടിനായി ഒന്നിച്ചു, കേന്ദ്രം പകപോക്കുന്നുവെന്ന് മുഖ്യമന്ത്രി
കൊച്ചി : ഉരുൾപ്പൊട്ടൽ ദുരന്തം ബാധിച്ച വയനാട്ടിൽ ടൗൺഷിപ്പ് പ്രഖ്യാപനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനായി കേരളത്തിൽ നിന്നുളള ബിജെപി എംപി ഒഴികെ ബാക്കി മുഴുവൻ എംപിമാരെല്ലാം ഒന്നിച്ചു നിന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി. വയനാട്ടിൽ സഹായം വാഗ്ദാനം ചെയ്ത ഒരുപാട് വ്യക്തികളും സംഘടനകളും സർക്കാരുകളുമുണ്ട്. പ്രഖ്യാപിച്ച ടൗൺഷിപ്പ് തന്നെ വയനാട്ടിൽ ഉയരും. ലോകത്തിന് മാതൃകയായ ടൗൺഷിപ്പാകും ഉണ്ടാക്കുക. നടപ്പാക്കാൻ പറ്റുന്നതേ ഇടത് സർക്കാർ പറയുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കേരളത്തിനോട് പകപോക്കലാണ് കേന്ദ്രം നടത്തുന്നത്. എം പിമാർ നൽകിയ നിവേദനത്തിന് വസ്തുതാ വിരുദ്ധമായ മറുപടിയാണ് അമിത് ഷാ നൽകിയത്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ പറയാൻ പാടില്ലാത്ത നുണയാണ് അമിത് ഷാ പറയുന്നത്. എന്നാൽ ഇനിയും കേന്ദ്രത്തോട് സംസാരിക്കും. അല്ലാതെ എന്ത് ചെയ്യും? ജനങ്ങൾ ഇതൊക്കെ തിരിച്ചറിയണം. മറ്റ് സംസ്ഥാനങ്ങൾക്ക് പണം നൽകുന്നതിന് കേരളം എതിരല്ല. എന്നാൽ കേരളവും അതുപോലൊരു സംസ്ഥാനമല്ലേ. കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമായ പണം അനുവദിക്കണ്ടേ? കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ പറ്റാത്തത് കൊണ്ടാണ് ബി ജെ പിക്ക് കേരളത്തോട് ശത്രുതയെന്നും പിണറായി ചൂണ്ടിക്കാട്ടി.
സിപിഎമ്മിനെ തകർക്കാനുള്ള ഗവേഷണം നടക്കുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പാർട്ടിയെ തകർക്കാൻ ഏത് വഴിവിട്ട മാർഗവും സ്വീകരിക്കുന്നു. സാമൂഹിക ക്ഷേമ പെൻഷൻ മുടക്കാൻ ബിജെപി ശ്രമിച്ചു. കേരളത്തോട് കേന്ദ്ര സർക്കാര്‍ പ്രതികാര മനോഭാവം കാട്ടുകയാണെന്നും പിണറായി വിമര്‍ശിച്ചു.