സംഭവം പടിഞ്ഞാറൻ ചൈനയിൽ
മദ്യപിച്ച് വീട്ടിലെത്തിയ അച്ഛൻറെ കയ്യിൽ നിന്നും ലാളനക്കിടയിൽ കുഞ്ഞ് അബദ്ധത്തിൽ തെറിച്ചുവീണു മരണപ്പെട്ടു. ചൈനയിൽ നടന്ന സംഭവത്തിൽ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരണപ്പെട്ടത്. മദ്യപിച്ചെത്തിയ അച്ഛൻ കുഞ്ഞിനെ കൈകളിൽ എടുത്ത് ആട്ടുന്നതിനിടയിലാണ് അബദ്ധത്തിൽ കുഞ്ഞ് ജനാലയിലൂടെ തെറിച്ച് പുറത്തേക്കു വീണത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ പ്രദേശത്ത് നടന്ന സംഭവത്തിൽ മരണപ്പെട്ട കുട്ടിയുടെ പിതാവായ ഷാവോ പോലീസ് പിടിയിലായിട്ടുണ്ട്. ഇയാളെ കോടതി നരഹത്യയ്ക്ക് ശിക്ഷിച്ചതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ഷാവോ സോഫയിൽ വിശ്രമിക്കുന്നതിനിടയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് അടുത്തു കിടന്ന് കരയുകയായിരുന്നു. ഈ സമയം കുഞ്ഞിൻറെ അമ്മ ഹുവാങ് അടുക്കള ജോലിത്തിരക്കുകളിലായിരുന്നു. കുഞ്ഞിൻറെ കരച്ചിൽ ഷാവോ ശ്രദ്ധിക്കാത്തതിൽ ഹുവാങിന് ദേഷ്യം വന്നു. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടയിൽ ഷാവോ കുഞ്ഞിൻറെ കരച്ചിൽ നിർത്തുന്നതിനായി കുഞ്ഞിനെ കൈകളിൽ എടുത്ത് ഫ്ലാറ്റിന്റെ ജനാലക്കരികിലേക്ക് നീങ്ങുകയും കൈകളിൽ ആട്ടുകയുമായിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ ഇയാളുടെ കയ്യിൽ നിന്നും കുഞ്ഞ് തുറന്നു കിടന്ന ജനാലയിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻതന്നെ ഷാവോയും ഹുവാങ്ങും കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൻറെ കയ്യിൽ നിന്നും മകൾ വഴുതിപ്പോയി എന്നാണ് സംഭവത്തിനുശേഷം വികാരാധീനനായി ഷാവോ പ്രതികരിച്ചത്. മദ്യപിക്കാറുണ്ടെങ്കിലും ഷാവോയ്ക്ക് കുഞ്ഞിനോട് വളരെ കരുതൽ ഉണ്ടായിരുന്നുവെന്നും എല്ലാദിവസവും കുട്ടിയുടെ കാര്യങ്ങൾ ശ്രദ്ധിക്കുമായിരുന്നു എന്നുമാണ് ഹുവാങ്ങ് പ്രതികരിച്ചത്. അപകടം സംഭവിച്ച ദിവസവും കുഞ്ഞിനായി ഇയാൾ കളിപ്പാട്ടം കൊണ്ടുവന്നിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. കോടതി ഷാവോയ്ക്ക് നാലുവർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.