BusinessCrimeNationalSpot light

ഓൺലൈൻ ക്ലാസിൽ അശ്ലീല പരാമർശങ്ങൾ; എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ എഐവൈഎഫ് പരാതി നൽകി

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തിന് പിന്നാലെ എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ മറ്റൊരു പരാതി. വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിൽ അശ്ലീല പരാമർശങ്ങൾ ഉൾപ്പെട്ടതിനെതിരെയാണ് പരാതി. ക്ലാസുകളുടെ ഉള്ളടക്കം പരിശോധിച്ച് കേസെടുക്കണമെന്നാണ് ആവശ്യം. എഐവൈഎഫ്  കൊടുവള്ളി മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായിട്ടുള്ള എം എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലിന്‍റെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അടങ്ങിയതായാണ് പരാതി. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലെ ഫാന്‍ പേജുകളിലും അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്ലാസുകളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതില്‍ പ്രതിഷേധവുമായി എഐവൈഎഫ് രംഗത്തെത്തി. ക്ലാസുകളുടെ ദൃശ്യങ്ങള്‍ സഹിതമാണ് എഐവൈഎഫ്  പരാതി നൽകിയത്.  അതിനിടെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം എസ് സൊല്യൂഷന്‍സിനെതിരെ പൊലീസ്  രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരിലേക്കും ട്യൂഷൻ സെൻററുകളിൽ ഇപ്പോഴും ക്ലാസെടുക്കുന്ന സർക്കാർ സ്കൂളുകളിലെ അധ്യാപകരിലേക്കുമാണ് സംശയം നീളുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി ജി പിക്ക് പരാതി നൽകിയത്. സ്ഥാപനത്തിന്‍റെ കൊടുവള്ളിയിലെ ഓഫീസ് അടച്ചിരിക്കുകയാണ്. ഏതന്വേഷണവുമായും സഹകരിക്കാമെന്ന് സ്ഥാപനത്തിന‍്റെ സി ഇ ഓ ഷുഹൈബ് ഇന്നലെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിരുന്നു. പക്ഷേ ഇന്നലെ മുതല്‍ ഫോണില്‍ ലഭ്യമല്ല.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button