CrimeNational

ഇത് പാൽ വിൽപ്പനയല്ല, വെറും തട്ടിപ്പ്; ഒരു മാസത്തേക്ക് 499 രൂപയ്ക്ക് പാൽ ബുക്ക് ചെയ്തതോടെ ബാങ്ക് അക്കൗണ്ട് കാലി

മുംബൈ: നിരന്തരം ബോധവത്കരണം നടത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടും ഓൺലൈൻ തട്ടിപ്പുകളിൽ ചെന്നു ചാടുന്നവരുടെ എണ്ണം ദിനംപ്രതി വ‍ർദ്ധിക്കുന്നു. മുമ്പ് കേട്ടിട്ടില്ലാത്തതും ആളുകൾ ഒരു തരത്തിലും പ്രതീക്ഷിക്കാത്തതുമായ  വഴികളിലൂടെയാണ് ഇപ്പോൾ കബളിപ്പിച്ച് പണം തട്ടുന്നത്.  മുംബൈ ഡിബി മാർഗ് പൊലീസിന് ലഭിച്ച പുതിയ പരാതി പ്രകാരം ഓൺലൈനിലൂടെ വീട്ടിലേക്ക് പാൽ ബുക്ക് ചെയ്ത സ്ത്രീയ്ക്കാണ് 30,400 രൂപ നഷ്ടമായത്.  സോഷ്യൽ മീഡിയ പരതുന്നതിനിടെ കണ്ട ഒരു പരസ്യമാണ് 61കാരിയായ വീട്ടമ്മയെ തട്ടിപ്പിൽ വീഴ്ത്തിയത്. ശുദ്ധമായ പാൽ എല്ലാ ദിവസവും ഫ്രഷായി വീട്ടിലെത്തിക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ചായിരുന്നു പരസ്യം. 30 ദിവസത്തേക്ക് 499 രൂപ നൽകിയാൽ മതിയെന്ന് പരസ്യത്തിൽ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തു. മറ്റൊരു വെബ്സൈറ്റിലേക്കാണ് ലിങ്ക് കൊണ്ടുപോയത്. തുറന്നു വന്ന വെബ്സൈറ്റിൽ എല്ലാ വിവരങ്ങളും നൽകി. ഒടുവിൽ പണം അടയ്ക്കാനുള്ള ഓപ്ഷൻ കിട്ടി. തൊട്ടുപിന്നാലെ ഫോണിൽ ഒടിപി വന്നു.  ഈ ഒടിപി കൂടി കൊടുത്തതോടെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്ന 30,400 രൂപ അപ്രത്യക്ഷമാവുകയായിരുന്നു. പരസ്യത്തിൽ കണ്ട നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും ഓഫായിരുന്നു. തുടർന്ന് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.  മുംബൈയിൽ നിന്നു തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തിൽ ബാങ്കിൽ നിന്ന് വിളിക്കുകയാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാർ കെ.വൈ.സി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ നിർദേശിച്ച് പണം തട്ടി. 48കാരിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 4.35 ലക്ഷം രൂപയാണ് നിമിഷങ്ങൾ കൊണ്ട് പോയത്. ലിങ്ക് അയച്ചുകൊടുക്കുകയും അതിൽ ക്ലിക്ക് ചെയ്ത് കെ.വൈ.സി അപ്ഡേറ്റ് ചെയ്യാൻ പറയുകയുമായിരുന്നു. പറഞ്ഞതു പോലൊക്കെ ചെയ്തപ്പോൾ വീണ്ടും വിളിയെത്തി. അക്കൗണ്ടിൽ ആവശ്യമായ ബാലൻസ് ഇല്ലെന്നായിരുന്നു പറഞ്ഞത്. ഉടൻ തന്നെ പണം നിക്ഷേപിച്ചില്ലെങ്കിൽ അക്കൗണ്ട് ക്ലോസാവുമെന്നും പറഞ്ഞു. ഇതിന് പിന്നാലെ പരാതിക്കാരെ തന്റെ മറ്റൊരു അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്തു. ഈ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പിന്നാലെ 4.35 ലക്ഷം രൂപ പോയത്. ആധാർ കാർഡ് ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും പരാതിക്കാരി തട്ടിപ്പുകാർക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button