വര്‍ക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി; അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്
തിരുവനന്തപുരം:വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിൽ ആണ് അപകടത്തിൽ പെട്ടത്. യുവാവ് കുടുങ്ങിയത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്സെത്തി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം. വര്‍ക്കല മാന്തറ മലപ്പുറം പള്ളിക്ക് സമീപം കുന്നിന് താഴെ കടലിനോട് ചേര്‍ന്നുള്ള പാറയിടുക്കില്‍ ചൂണ്ടിയിടുന്നതിനായാണ് യുവാവ് ഇറങ്ങിയത്. ഇവിടെ വെച്ച് ചൂണ്ടിയിടുന്നതിനിടയിൽ പാറയിടുക്കിൽ കാല് കുടുങ്ങുകയായിരുന്നു. യുവാവ് പാറയിടുക്കിൽ കുടുങ്ങിയത് രണ്ട് മണിക്കൂറിനുശേഷം അഞ്ചുമണിയോടെയാണ് നാട്ടുകാര്‍ അറിയുന്നത്. യുവാവിന്റെ നിലവിളി കേട്ട് വിനോദ സഞ്ചാരികള്‍ തൊട്ടടുത്തുള്ള റിസോര്‍ട്ടിൽ വിവരം അറിയിച്ചു. തുടര്‍ന്ന് റിസോര്‍ട്ടിലെ ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തുകയായിരുന്നു.അറിഞ്ഞ് നാട്ടുകാര്‍ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വീണ്ടും പാറകള്‍ ഇളകി താഴേക്ക് വീഴുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴും പൊലീസും സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പാറയിടുക്കിൽ നിന്നും അതിസാഹസികമായാണ് യുവാവിനെ പുറത്തെത്തിച്ചത്. വര്‍ക്കല-അയിരൂര്‍ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരും സ്ഥലത്തെത്തി. ആശുപത്രിയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.