തിരുവനന്തപുരം : 2024 -2025 അധ്യയന വർഷത്തെ എൽഎസ്എസ് , യുഎസ്എസ്. (LSS/USS) പരീക്ഷകൾ 2025 ഫെബ്രുവരി 27ന് നടക്കും. ഇരു പരീക്ഷകൾക്കും രണ്ട് പേപ്പറുകൾ വീതമായിരിക്കും. രാവിലെ 10.15 മുതൽ 12 വരെ പേപ്പർ ഒന്നും ഉച്ചയ്ക്ക് 1.15 മുതൽ മൂന്നുവരെ പേപ്പർ രണ്ട് പരീക്ഷയും നടക്കും. പരീക്ഷയ്ക്ക് ഫീസ് ഇല്ല.അർഹതയുള്ള കുട്ടികളുടെ വിവരങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ ഡിസംബർ 30 മുതൽ ജനുവരി 15വരെ രജിസ്റ്റർ ചെയ്യണം. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം നാലാം ക്ലാസിൽ പഠിക്കുന്നതും രണ്ടാം ടേം പരീക്ഷയിൽ മലയാളം , ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം എന്നീ വിഷയങ്ങളിൽ എ ഗ്രേഡ് നേടിയിട്ടുള്ളതുമായ വിദ്യാർഥികൾക്ക് എൽഎസ്എസ് പരീക്ഷ എഴുതാം. മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാത്രം ബി ഗ്രേഡ് ആയവർക്ക് ഉപജില്ലാതല കലാ, കായിക, പ്രവൃത്തി പരിചയ,ഗണിത, സാമൂഹ്യശാസ്ത്ര മേളകളിൽ ഏതെങ്കിലും ഇനത്തിൽ ‘എ’ ഗ്രേഡോ ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കിൽ പരീക്ഷയെഴുതാം. 2024- 25 അധ്യയന വർഷത്തെ നാലാം ക്ലാസിലെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പേപ്പർ ഒന്നിൽ ഒന്നാം ഭാഷ (മലയാളം/കന്നഡ/തമിഴ്), ഇംഗ്ലീഷ്, പൊതുവിജ്ഞാനം. പേപ്പർ രണ്ടിൽ പരിസരപഠനം, ഗണിതം. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയന വർഷം ഏഴാം ക്ലാസിൽ പഠിക്കുന്നവർക്ക് യുഎസ്എസ് പരീക്ഷയിൽ പങ്കെടുക്കാം. രണ്ടാം ടേം പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് വേണം. ഭാഷാവിഷയങ്ങളിൽ രണ്ടു പേപ്പറുകൾക്ക് എ ഗ്രേഡും ഒന്നിൽ ബി ഗ്രേഡും ലഭിച്ചവർക്കും ശാസ്ത്ര വിഷയങ്ങളിൽ രണ്ടെണ്ണത്തിന് എ ഗ്രേഡും ഒന്നിന് ബി ഗ്രേഡും ലഭിച്ചവർക്കും പരീക്ഷ എഴുതാം. രണ്ടു പേപ്പറുകൾക്കും മൂന്ന് പാർട്ടുകൾ ഉണ്ടാകും. പേപ്പർ ഒന്നിൽ ഒന്നാം ഭാഷ ഭാഗം 1, ഭാഗം 2, ഗണിതം എന്നിവയായിരിക്കും ഉണ്ടായിരിക്കുക. പേപ്പർ രണ്ടിൽ ഇംഗ്ലീഷ്, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിങ്ങനെയാകും വരിക. ഈ അധ്യയന വർഷത്തെ ഏഴാം ക്ലാസിലെ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങൾക്ക് പരീക്ഷാഭവനുമായി ബന്ധപ്പെടുക.
Related Articles
ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പോലീസ്
November 28, 2024
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; ടി വി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
2 weeks ago
Check Also
Close