കൊച്ചി : ഐ എസ്എല്ലിൽ തുടർ തോൽവികളിൽ വലയുന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികായേൽ സ്റ്റാറെയെ പുറത്താക്കി. സഹ പരിശീലകരായ ജോൺ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര എന്നിവരും പടിക്ക് പുറത്തായി. ഇക്കാര്യം ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ പരിശീലകനെ ക്ലബ് ഉടനെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. കെ.ബി.എഫ്.സിയുടെ റിസർ ടീം മുഖ്യപരിശീലകനും യൂത്ത് ഡെവലപ്മെൻ്റ് തലവനുമായ ടോമാസ് ടോർസും അസി. കോച്ച് ടിജി പുരുഷോത്തമനും ടീമിന്റെ പരിശീലന ചുമതല ഏറ്റെടുക്കും.
തുടർച്ചയായി മൂന്ന് മത്സരം തോറ്റ കൊമ്പന്മാർ നിലവിൽ 10-ാം സ്ഥാനത്താണ്. മാനേജ്മെൻ്റ് നടപടികളിലും ടീമിന്റെ പ്രകടനത്തിലും ഇടഞ്ഞ ആരാധ കൂട്ടായ്മയായ മഞ്ഞപ്പടയും ക്ലബിനെതിരെ രംഗത്തുവന്നിരുന്നു. ടീമിനുള്ള പിന്തുണയും അവർ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ക്ലബ് തയാറായത്. ഈ സീസണിൽ ക്ലബിന്റെ പ്രകടനം ദയനീയമാണ്. 12 മത്സരങ്ങളിൽ മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ പോക്കറ്റിലുള്ളത്.