‘അമ്പമ്പോ എന്തൊരു യാത്ര’; കൂനന്‍ തിമിംഗലം 13,046 കിലോ മീറ്റര്‍ സഞ്ചരിച്ചത് അഞ്ച് വര്‍ഷം കൊണ്ട്
ഭൂമധ്യരേഖയെ അടിസ്ഥാനമാക്കി ഭൂമിയുടെ മൊത്തം ചുറ്റളവ് 40,075.017 കിലോമീറ്ററാണ്. ഇതില്‍ 13,046 കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യനെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ‘ഹംപ്ബാക്ക് തിമിംഗലം’. വിശേഷണങ്ങള്‍ ഏറെയുള്ള തിമിംഗലമാണ് ഹംപ്ബാക്ക് തിമിംഗലങ്ങള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന തിമിംഗല വിഭാഗം. വലിയ തിമിംഗലങ്ങളില്‍ ഏറ്റവും സജീവം. പക്ഷേ, പുതിയ കണ്ടെത്തല്‍ ശാസ്ത്രജ്ഞരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ‘കൂനല്‍ തിമിംഗലം’ എന്നും അറിയപ്പെടുന്ന ഇവ വേനല്‍ക്കാലത്ത് ഭക്ഷണം തേടി ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുമെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഒരു ആണ്‍ ഹംപ്ബാക്ക് തിമിംഗലം എല്ലാ കുടിയേറ്റ കണക്കുകളെയും തിരുത്തി എഴുതിയിരിക്കുന്നു. ഏറ്റവും പുതിയ റെക്കോർഡ് അനുസരിച്ച് ആണ്‍ ഹംപ്ബാക്ക് തിമിംഗലം സഞ്ചരിച്ചത് 13,046 കിലോ മീറ്റര്‍ ദൂരം. അതും തെക്കേ അമേരിക്കയുടെ പടിഞ്ഞാറ് നിന്നും കിഴക്കന്‍ ആഫ്രിക്കന്‍ തീരം വരെ. 2017 -ല്‍ പസഫിക് സമുദ്ര തീരമായ കൊളംബിയയിലാണ് ആദ്യം ഈ തിമിംഗലത്തെ കണ്ടെത്തിയത്. പിന്നീട്, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കിഴക്കന്‍ ആഫ്രിക്കന്‍ തീരമായ സാൻസിബാറിലും കണ്ടെത്തി. രണ്ട് തീരങ്ങള്‍ക്കും ഇടയിലെ ദൂരം 13,046 കിലോ മീറ്റര്‍. മറൈൻ ബയോളജിസ്റ്റായ ടെഡ് ചീസ്മാൻ സ്ഥാപിച്ച ഹാപ്പി വെയ്ൽ പ്ലാറ്റ്ഫോമിന്‍റെ സഹായത്തോടെയാണ് ഗവേഷകർ തിമിംഗലത്തിന്‍റെ ഈ ദീർഘദൂര യാത്രയെ കുറിച്ച് പഠിച്ചത്.
പസഫിക് സമുദ്രത്തില്‍ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള രേഖപ്പെടുത്തപ്പെട്ട ആദ്യത്തേതും ദൈർഘ്യമേറിയതുമായ റെക്കോർഡാണ് ഇതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രതാപ നിലയിലുണ്ടാകുന്ന മാറ്റം സമുദ്ര പ്രവാഹങ്ങളെ സ്വാധീനിച്ചത് മൂലമാകാം കൂനന്‍ തിമിംഗലം ഇത്രയേറെ ദൂരം സഞ്ചരിച്ചതെന്ന് ഗവേഷകരും കണക്ക് കൂട്ടുന്നു. അതല്ലെങ്കില്‍ ഭക്ഷണം തേടിയോ പുതിയ ഇണയെ തേടിയോ ആകാം ഈ ദീർഘ സഞ്ചാരം. അതേസമയം നിലവില്‍ തിമിംഗലം എവിടെയാണെന്ന് വ്യക്തമല്ലെന്നും അവനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതായും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു.