CrimeKerala

അതിരാദുണം; വഴിവിളക്കില്ലാത്ത വഴിയിൽ ഇരുട്ടിൽ ആന നിൽക്കുന്നത് എൽദോസ് കണ്ടില്ല; മരത്തിലടിച്ച് കൊലപ്പെടുത്തി

കൊച്ചി: മൂന്നു ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ രണ്ടു ജീവൻ നഷ്ടമായ കോതമംഗലത്ത് പുലരും വരെ അരങ്ങേറിയത് കടുത്ത ജനകീയ പ്രതിഷേധം. കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേ ആണ് ഇന്നലെ രാത്രി കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചത്. കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണി എൽദോസ് വർഗീസ് ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർഥിനിയായ ആൻമേരി മരിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസിനെ രാത്രി എട്ടരയോടെ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയിലാണ് ആന ആക്രമിച്ചത്.  എൽദോസിനെ ആന മരത്തിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വഴിവിളക്കുകൾ പോലും ഇല്ലാത്ത ഈ സ്ഥലത്ത് ആന നിൽക്കുന്നത് എൽദോസ് കണ്ടിരുന്നില്ല. കോതമംഗലത്ത് അരങ്ങേറിയ ജനകീയ പ്രതിഷേധം പുലർച്ചെ രണ്ടുമണിയ്ക്കാണ് അവസാനിച്ചത്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകുകയായിരുന്നു ജില്ലാ കളക്ടർ.  പ്രതിഷേധം തുടങ്ങി ഏഴ് മണിക്കൂർ പിന്നിട്ടപ്പോഴാണ് നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലടക്കം നാട്ടുകാർക്ക് ജില്ലാ കളക്ടർ ഉറപ്പ് നൽകിയത്. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താൽക്കാലികമായി നാട്ടുകാർ അവസാനിപ്പിച്ചത്.  നാട്ടുകാർ ആവശ്യപ്പെട്ട പ്രകാരം ട്രഞ്ചുകളുടെ നിർമാണം ഇന്ന് തന്നെ തുടങ്ങും. പ്രദേശത്ത് വൈദ്യുത വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും ഇന്ന് മുതൽ തന്നെ ആരംഭിക്കും. സോളാർ ഫെൻസിങ്ങിന്റെ ജോലികൾ 21ന് ആരംഭിക്കും. തൂക്ക് സോളാർ വേലി സ്ഥാപിക്കും. ഉറപ്പുനൽകിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തിൽ നേരിട്ടെത്തി  27ന് അവലോകന യോഗം ചേരുമെന്നും കളക്ടർ പ്രതിഷേധിച്ച നാട്ടുകാർക്ക് മുന്നിലെത്തി ഉറപ്പുനൽകി. തുടർന്ന് മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്നും കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, കോതമംഗലത്ത് ഇന്ന് മൂന്ന് മണിക്ക് പ്രതിഷേധ റാലിയിൽ മാറ്റമുണ്ടാകില്ലെന്നും നാട്ടുകാർ അറിയിച്ചിട്ടുണ്ട്. നേരത്തെ സംഭവ സ്ഥലത്തേക്ക് എത്തി കളക്ടർക്കും എംഎൽഎക്കും നേരെ നാട്ടുകാർ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു. നീണ്ട നേരത്തെ ചർച്ചയ്ക്കൊടുവിലാണ് സമവായത്തിലെതത്തിയത്. അതേസമയം, സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കോതമംഗലം എംഎൽഎ മാത്യു കുഴൽനാടൻ രംഗത്ത് വന്നു. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയാണ് കോതമംഗലം എംഎൽഎ മാത്യു കുഴൽനാടൻ രംഗത്ത് വന്നത്. ഈ വിഷയങ്ങൾ സംസ്ഥാന സർക്കാരിന് മുന്നിൽ പലപ്പോഴായി പറഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഫെൻസിങ് പൂർത്തിയാക്കുകയോ ആർആർടിയെ അയക്കുകയോ ചെയ്തില്ല.  സർക്കാരിൻ്റെയും വനം വകുപ്പിൻ്റെയും വൻ പരാജയമാണിത്. അലസതയും അലംഭാവവുമാണ് വീണ്ടും മരണമുണ്ടാകാൻ കാരണം. ഉത്തരവാദിത്തപ്പെട്ടവർ വന്ന് ഉറപ്പ് നൽകാതെ മൃതദേഹം ഇവിടെ നിന്ന് എടുത്ത് മാറ്റാൻ സമ്മതിക്കില്ല. കോതമംഗലത്തും കുട്ടമ്പുഴയിലും നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത എംഎൽഎ, നാളെ വൈകിട്ട് കോതമംഗലത്ത് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, കുട്ടമ്പുഴയിൽ കാട്ടാന ആക്രമണം നടന്ന സ്ഥലത്ത് സോളാർ ഫെൻസിംഗിന് കാലതാമസമുണ്ടായതിന്റെ കാരണം അന്വേഷിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രനും പറ‍ഞ്ഞു. വേദനാജനകമായ സംഭവമാണിത്. ജനത്തെ ഭീതിയിലാക്കുന്നതാണ് സംഭവമെന്നും മന്ത്രി പറ‍ഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button