Kerala

വിശ്വാസികളുടെ എണ്ണമെത്ര? ഓര്‍ത്തോഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ കണക്കെടുക്കാന്‍ സുപ്രീംകോടതി


ന്യൂഡല്‍ഹി : ഓര്‍ത്തോഡോക്‌സ് യാക്കോബായ തര്‍ക്കത്തില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ കൈമാറ്റത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കേരളത്തില്‍ ഓര്‍ത്തോഡോക്‌സ്, യാക്കോബായ വിഭാഗത്തില്‍പ്പെട്ട എത്ര പേരുണ്ടെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. തര്‍ക്കങ്ങള്‍ ഉള്ള പള്ളികളില്‍ എത്ര വിശ്വാസികള്‍ ഇരു വിഭാഗത്തിനും ഉണ്ടെന്ന കണക്കും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറണം. കേസില്‍ ജനുവരി 29, 30 തീയ്യതികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അത് വരെയാണ് തല്‍സ്ഥിതി തുടരേണ്ടത്.

തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഡിസംബര്‍ മൂന്നിന് പുറപ്പടുവിച്ച ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന് ഓര്‍ത്തോഡോക്‌സ് സഭയുടെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മലങ്കര സഭയിലെ പള്ളികളിലെ സെമിത്തേരി തര്‍ക്കം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിശദമായി വാദം കേള്‍ക്കുന്നതിനാല്‍ അത്തരം ഒരുത്തരവ് ഈ ഘട്ടത്തില്‍ പുറപ്പെടുവിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേരളത്തില്‍ ഓര്‍ത്തോഡോക്‌സ് യാക്കോബായ വിഭാഗത്തില്‍പ്പെട്ട എത്ര പേരുണ്ടെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഉള്ള കണക്കാണ് സംസ്ഥാനസര്‍ക്കാര്‍ കൈമാറേണ്ടത്. മലങ്കര സഭയ്ക്ക് എത്ര പള്ളികള്‍ ഉണ്ടെന്നും, ഓരോ വിഭാഗത്തിനും എത്ര പള്ളികള്‍ ഉണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ അറിയിക്കണം. വില്ലേജ് അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് കൈമാറേണ്ടത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവര്‍ ഹാജരായി. ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ, സി യു സിംഗ്, കൃഷ്ണന്‍ വേണുഗോപാല്‍, ശ്രീകുമാര്‍, അഭിഭാഷകന്‍ ഇ എം എസ് അനാം എന്നിവര്‍ ഹാജരായി. യാക്കോബായ സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ രഞ്ജിത്ത് കുമാര്‍, ശ്യാം ദിവാന്‍, പി വി ദിനേശ് അഭിഭാഷകരായ എ രഘുനാഥ്, പി കെ മനോഹര്‍, സനന്ദ് രാമകൃഷ്ണന്‍ എന്നിവരാണ് ഹാജരായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button