സുനിത വില്യംസിന്‍റെ തിരിച്ചുവരവ് ഇനിയും വൈകും: ഫെബ്രുവരിയിലും തിരികെ എത്തിക്കാനാവില്ലെന്ന് നാസ
വാഷിങ്ടൺ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടക്കം ഇനിയും വൈകുമെന്ന് നാസ. ഇരുവരെയും 2025 ഫെബ്രുവരിയിൽ തിരികെയെത്തിക്കാനാവുമെന്ന് അറിയിച്ചിരുന്നെങ്കിലും കാത്തിരിപ്പ് നീളുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഇരുവരെയും തിരികെയെത്തിക്കുന്നതിനുള്ള സ്‌പേസ് എക്‌സിന്‍റെ ക്രൂ9 ദൗത്യം വൈകുന്നതാണ് കാരണം
അടുത്ത വർഷം ഫെബ്രുവരിയിൽ ബഹിരാകാശ നിലയത്തിൽ നിന്നും തിരിക്കുന്ന ക്രൂ9 പേടകത്തിൽ ഇരുവരെയും ഭൂമിയിലേക്ക് അയക്കാനായിരുന്നു പദ്ധതി. എന്നാൽ ദൗത്യം മാർച്ചിലേക്ക് നീട്ടുകയായിരുന്നു. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ജൂൺ 6 നാണ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്
ക്രൂ-9 ദൗത്യം ഇനിയും നീളുന്നതോടെ മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ആരോഗ്യസ്ഥിതിയിൽ ആശങ്കാകുലരാണ് ലോകജനത. ഇരുവരുടെയും ബഹിരാകാശ നിലയത്തിനുള്ളിലെ ചിത്രങ്ങൾ നാസ പങ്കുവയ്‌ക്കാറുണ്ട്.സുനിത വില്യംസിന്‍റെ മെലിഞ്ഞ്, കവിളൊട്ടി, ക്ഷീണിതയായ നിലയിലുള്ള ചിത്രങ്ങൾ പുറത്തുവന്നപ്പോൾ പലരും ആശങ്കാകുലരായിരുന്നു. എന്നാൽ തങ്ങൾ ആരോഗ്യവാന്മാരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് സുനിതവില്യംസ് അറിയിച്ചിരുന്നത്.