Kerala

കേരളത്തിൽ മഞ്ഞപ്പിത്തം പടരുന്നതിന് കാരണമെന്ത് ? എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?

കേരളത്തിൽ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. മഞ്ഞപ്പിത്തത്തെ ഒരിക്കലും നിസാരമായി കാണരുത്. ആളുകളുടെ ജീവൻ തന്നെ അപഹരിക്കുന്ന രോ​ഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം അതിവേ​ഗം പടർന്നുപിടിക്കുന്ന ഈ സാ​ഹചര്യത്തിൽ മഞ്ഞപ്പിത്തത്തെ കുറിച്ച് കൂടുതലറിയേണ്ടത് പ്രധാനമാണ്. കരളിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. ‘മാരകമാകുന്ന മഞ്ഞപ്പിത്തം’  എന്ന പരമ്പരയിൽ  നവജാതശിശുക്കളിൽ ഉണ്ടാകുന്ന മഞ്ഞപ്പിത്തം എങ്ങനെ തടയാമെന്നതിനെ കുറിച്ച്  എറണാകുളം വിപിഎസ് ലേക് ഷോർ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് & ഹെപറ്റോളജിസ്റ്റ് വിഭാ​ഗം ഡോ. മായാ പീതാംബരൻ എഴുതുന്ന ലേഖനം.  കരളിനെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം. അഥവാ ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഡി,ഇ എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധകളാണിത്. ഗുരുതരമായി  മരണം വരെ ഉണ്ടാക്കാവുന്ന ഒരു രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. മലിനമായ ജലം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസ് അണുബാധയാണ് നമ്മുടെ നാട്ടിൽ കൂടുതലായി കാണുന്ന മഞ്ഞപ്പിത്തം അപൂർവമായി ഹെപ്പറ്റൈറ്റിസ് ഇയും കാണാറുണ്ട്. ഇതും വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന വൈറസ് ആണ്. രോഗബാധിതന്റെ വിസർജ്യം ശുദ്ധജലത്തിൽ കലരുന്നതിൽ നിന്നുമാണ് ഈ വൈറസ് വ്യാപിക്കുന്നത് . ഇതിനെ ഫീക്കൽ-ഓറൽ റൂട്ട് എന്ന് പറയുന്നു. പനി, ഛർദി, ഓക്കാനം, ക്ഷീണം, കണ്ണും മൂത്രവും മഞ്ഞനിറത്തിൽ ആവുക എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാത്തത് പലപ്പോഴും രോഗനിർണയം വൈകിക്കാനും രോഗാവസ്ഥ സങ്കീർണമാക്കാനും  കാരണമാകാറുണ്ട്. രോഗം ഗുരുതരമായി കരളിൻറെ പ്രവർത്തനത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം. കേരളത്തിൽ മഞ്ഞപ്പിത്തം കൂടാനുള്ള കാരണങ്ങൾ കേരളത്തിൽ മാറിമാറി ഉണ്ടാകുന്ന കടുത്ത വേനലും പ്രളയവും രോഗവ്യാപനം കൂട്ടുന്നു. കടുത്ത വേനലിൽ ജലക്ഷാമം അനുഭവപ്പെടുന്നത് കൊണ്ട് പലപ്പോഴും മലിനജലം ഉപയോഗിക്കപ്പെടുന്നു. അതുപോലെ മഴക്കാലത്ത് എല്ലാ ജലസ്രോതസ്സുകളും മലിനീകരിക്കപ്പെടാൻ സാധ്യത ഉള്ളതുകൊണ്ട് മറ്റുള്ള ജലജന്യ രോഗങ്ങൾ പോലെ തന്നെ മഞ്ഞപ്പിത്തവും കൂടാം. ശുദ്ധജലത്തിന്റെ പ്രശ്നങ്ങൾ: കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നഗരങ്ങളിലും പഞ്ചായത്തുകളിലും ഉൾപ്പെടെ ശുദ്ധജലത്തിന്റെ ദൗർലഭ്യം ഒരു പ്രധാന പ്രശ്നമാണ്. പല നഗരങ്ങളിലെയും ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് സ്വന്തമായി ജലസ്രോതസ്സ് ഇല്ലാത്തതും പുറമേനിന്ന് ടാങ്കറുകളിൽ കുടിവെള്ളം കൊണ്ടുവരുന്നതും ഒരു കാരണമാണ്. ജലമലിനീകരണം പല ഗ്രാമങ്ങളിലും നഗരങ്ങളിലും ജലസ്രോതസ്സ് കൂറ്റൻ പമ്പുകൾ ആയിരിക്കും. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ശുദ്ധജലം മലിനജലവുമായി കലർന്ന് ജലമലിനീകരണത്തിന് കാരണമാകാം. പൊതുവിടങ്ങളിലെ ശുചിത്വക്കുറവ് ശുചിത്വം പാലിക്കാത്ത പൊതുസ്ഥലങ്ങൾ രോഗം പടരാൻ കാരണമാകാം. മാലിന്യ സംസ്കരണം നഗരങ്ങളിൽ ശരിയായി മാലിന്യം സംസ്കരിക്കാത്തത് ഓരോ മഴക്കാലത്തും മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമാകാം. ടോയ്‌ലറ്റ് മാലിന്യം ശരിയായി സംസ്കരിക്കുന്നത് അത്യാവശ്യമാണ്. ഭക്ഷണ മലിനീകരണം അശുദ്ധമായ ഭക്ഷണം വിളമ്പുന്ന കടകൾ, തട്ടുകടകൾ, വഴിയോര കച്ചവടക്കാർ എന്നിവരെല്ലാം രോഗവ്യാപനത്തിന് കാരണമാകുന്നു. പൊതുജനത്തിനുള്ള അവബോധത്തിലെ കുറവ് അവരവർ കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും ശുദ്ധമാണെന്ന് ഉറപ്പാക്കണം. ജനങ്ങളിൽ മഞ്ഞപ്പിത്തം എങ്ങനെ പകരുന്നു എന്ന് അവബോധം പലർക്കും ഇല്ല. കേരളത്തിന്റെ വികസനം പണ്ടൊക്കെ നമ്മുടെ നാട്ടിൽ ദാരിദ്ര്യവും ജലശുദ്ധീകരണ സംവിധാനങ്ങളുടെ അഭാവവും മൂലം സാംക്രമിക രോഗങ്ങളുടെ വ്യാപനം കൂടുതലായിരുന്നു. അത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് ചെറുപ്പത്തിൽ തന്നെ രോഗാണു ഉള്ളിൽ പ്രവേശിച്ച്  ഒരു ഇമ്മ്യൂണിറ്റി കിട്ടും. അതുകൊണ്ട് ചെറുപ്പത്തിൽ വലിയ ലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ ഈ വൈറസ് ബാധ വന്നുപോകും. എന്നാൽ ഇപ്പോൾ പലരും മുതിർന്നതിനുശേഷം ആണ് ഈ വൈറസ് ബാധ ഏൽക്കുന്നത്. കുട്ടികളെ അപേക്ഷിച്ച് മുതിർന്നവരിൽ ഉണ്ടാകുന്ന രോഗബാധയും രോഗ തീവ്രതയും രോഗം മൂലമുള്ള സങ്കീർണ്ണതകളും കൂടുതലാണ്. മരണനിരക്കും മുതിർന്നവരിൽ കൂടുതലാണ്. ഇപ്പോൾ നമ്മുടെ നാട്ടിൽ അതാണ് സംഭവിക്കുന്നത്. കേരളത്തിലേക്കുള്ള അന്യസംസ്ഥാന കുടിയേറ്റം ഒരു പരിധിവരെ രോഗം അധികമായി പകരാൻ കാരണമാകുന്നു.  പ്രതിരോധ മാർഗങ്ങൾ എന്തൊക്കെ? വീടും പരിസരവും വൃത്തിയാക്കാൻ എല്ലാവരും ശ്രദ്ധിക്കുക. മാലിന്യം കുമിഞ്ഞു.  കൂടാതിരിക്കാനും ടോയ്‌ലറ്റ് മാലിന്യം ശരിയായി സംസ്കരിക്കാനും പൊതുജനവും അധികാരികളും ശ്രദ്ധിക്കണം. കുടിക്കാനുള്ള വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. വെള്ളം തിളപ്പിച്ചോ ക്ലോറിനേറ്റ് ചെയ്തോ മാത്രം ഉപയോഗിക്കുക. ഭക്ഷണശൃംഖലയുടെ ശുചിത്വം ഉറപ്പാക്കുകയും സമൂഹത്തിൽ ആരോഗ്യ വിദ്യാഭ്യാസം വഴി അവബോധം ഉണ്ടാക്കുകയും ചെയ്യുക. ഹെപ്പറ്റൈറ്റിസ് എ വാക്സിൻ എടുക്കുന്നത് വളരെ ഫലപ്രദമായ ഒരു പ്രതിരോധമാർഗമാണ്. കേരളത്തിൽ മഞ്ഞപ്പിത്തത്തിന്റെ വ്യാപനം വർദ്ധിക്കുന്നതിന് നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും ശുദ്ധജലവിതരണം, പൊതുശുചിത്വം, ഭക്ഷ്യശൃംഖലയുടെ സുരക്ഷ, ജനതയുടെ ആരോഗ്യ ബോധവൽക്കരണം എന്നിവയിൽ ശ്രദ്ധ നൽകിയാൽ ഈ രോഗത്തിന്റെ സംക്രമണം കുറയ്ക്കാൻ സഹായമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button