BusinessNationalSpot light

ഞെട്ടിക്കുന്ന തലക്കെട്ടിട്ട് പ്രേക്ഷകരെ പറ്റിക്കേണ്ട; ഇന്ത്യയിൽ കർശന നിയമവുമായി യൂട്യൂബ്

ന്യൂഡൽഹി: ‘ഇതു കണ്ടാൽ നിങ്ങൾ ഞെട്ടും’, ‘ഞെട്ടിപ്പിക്കുന്ന വാർത്ത’, ‘നടുക്കുന്ന ദൃശ്യങ്ങൾ’… യൂട്യൂബിൽ ‘ഞെട്ടിപ്പിക്കുന്ന’ തലക്കെട്ടിട്ട് ‘വ്യൂ’ കൂട്ടാനുള്ള ആ ചെപ്പടിവിദ്യ ഇനി നടക്കില്ല. വിഡിയോകൾക്ക് അതിശയിപ്പിക്കുന്ന ‘ക്ലിക്ക്ബെയ്റ്റ്’ തലക്കെട്ടുകളും തമ്പ്‌നെയിലുകളും നൽകുന്നതിനെതിരെ കർശന നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ. ഇന്ത്യയിലെ കണ്ടെന്റ് ക്രിയേറ്റർമാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം.
അതിശയവും ആകാംക്ഷയും ജനിപ്പിക്കുന്ന തരത്തിലുള്ള ക്ലിക്ക്ബെയ്റ്റ് കണ്ടെന്റുകൾ യൂട്യൂബിൽ നിയന്ത്രിക്കാനുള്ള നടപടി ശക്തമാക്കുന്നതിൻ്റെ ഭാഗമായാണു പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് ഗൂഗിൾ ഇന്ത്യയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. വിഡിയോയിലില്ലാത്ത കാര്യങ്ങൾ തലക്കെട്ടിലും തമ്പ്‌നെയിലിലും നൽകി കാഴ്ചക്കാരെ കബളിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പുണ്ട്. പ്രത്യേകിച്ചും പുതിയ വാർത്താ സംഭവവികാസങ്ങളിലായിരിക്കും നിയന്ത്രണം. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ തടയുകയാണു പുതിയ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗൂഗിൾ ബ്ലോഗിൽ പറയുന്നു. ഇന്ത്യയിൽ വരും മാസങ്ങളിൽ തന്നെ നിയന്ത്രണങ്ങൾ നടപ്പാക്കിത്തുടങ്ങുമെന്ന് പോസ്റ്റിൽ പറയുന്നു.
പുതിയ വാർത്താ സംഭവങ്ങളിൽ വിഡിയോയ്ക്കകത്തെ ഉള്ളടക്കമല്ലാത്ത തലക്കെട്ടും തമ്പ്‌നെയിലും നൽകിയാൽ ‘ക്ലിക്ക്ബെയ്റ്റ്’ ആയി കണക്കാക്കുമെന്ന് ഗൂഗിൾ ബ്ലോഗിൽ പറയുന്നു. പുതിയതും സുപ്രധാനവുമായ വാർത്തകൾ തിരഞ്ഞ് യൂട്യൂബിലെത്തുന്നവരെ നിരാശപ്പെടുത്തുന്നതാകും ഇത്തരം രീതികൾ. പ്രേക്ഷകർക്ക് കബളിപ്പിക്കപ്പെടുകയോ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയതായുള്ള തോന്നലുമുണ്ടാക്കുമെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടുന്നു.
ബ്ലോഗ് പോസ്റ്റിൽ ഉദാഹരണസഹിതമാണു പുതിയ നിയമത്തെ കുറിച്ച് വിശദീകരിക്കുന്നത്. ‘പ്രസിഡൻ്റ് രാജിവച്ചു’ എന്ന തലക്കെട്ടോടെയുള്ള ഒരു വിഡിയോ വാർത്ത ഉദാഹരണം. വിഡിയോയ്ക്കകത്ത് പ്രസിഡന്റിന്റെ രാജിയെക്കുറിച്ച് ഒരു പരാമർശവുമില്ലെങ്കിൽ നടപടിയുണ്ടാകും. ‘സുപ്രധാന രാഷ്ട്രീയ വാർത്തകൾ’ എന്ന തമ്പ്‌നെയിൽ നൽകിയ വിഡിയോയ്ക്കകത്ത് അത്തരത്തിലുള്ള ഒരു വിവരവുമില്ലാതെ പോകുന്നത് മറ്റൊരു ഉദാഹരണമായും ചൂണ്ടിക്കാട്ടുന്നുണ്ട്.
തുടക്കത്തിൽ ‘സ്ട്രൈക്ക്’ മുന്നറിയിപ്പ് നൽകാതെയായിരിക്കും നിയമം ലംഘിക്കുന്ന വിഡിയോകൾ നീക്കം ചെയ്യുക. പുതുതായി അപ്ലോഡ് ചെയ്യുന്ന വിഡിയോകൾക്കെതിരെയായിരിക്കും തുടക്കത്തിൽ നടപടി സ്വീകരിക്കുക. പുതിയ നിയമങ്ങൾ അറിയാനും മനസിലാക്കാനുമുള്ള സമയം കണ്ടന്റ്റ് ക്രിയേറ്റർമാർക്കു നൽകുമെന്നും ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തുമെന്നും ഗൂഗിൾ അറിയിച്ചു.
അതേസമയം, ഏതൊക്കെ മേഖലയിലാണ് യൂട്യൂബ് നിയന്ത്രണം കൊണ്ടുവരുന്നതെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. പുതിയ വാർത്താ ഉള്ളടക്കങ്ങൾക്കാണു പ്രാമുഖ്യം നൽകുന്നതെന്നു പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ വാർത്തകൾ മാത്രമാണോ, അതോ പുതിയ സാമൂഹിക സംഭവവികാസങ്ങളും ഇതിൽ പെടുമോ എന്നൊന്നും വ്യക്തമാക്കുന്നില്ല. കായിക വാർത്തകൾക്കെതിരെയും നടപടിയുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
യൂട്യൂബിന്റെ ലോകത്തെ ഏറ്റവും വലിയ മാർക്കറ്റാണ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുപ്രകാരം 476 മില്യൺ യൂട്യൂബ് യൂസർമാരാണ് രാജ്യത്തുള്ളത്. തൊട്ടുപിന്നിലുള്ള അമേരിക്കയുടെ(238 മില്യൺ) ഇരട്ടിയോളം വരും ഇത്. മൂന്നാം സ്ഥാനത്ത് ബ്രസീലും(147 മില്യൺ), നാലാം സ്ഥാനത്ത് ഇന്തോനേഷ്യയും(139 മില്യൺ) ആണുള്ളത്. ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന അഞ്ചിൽ നാലുപേരും യൂട്യൂബ് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൂടുതൽ പേരും വാർത്തകൾ അറിയാൻ ആശ്രയിക്കുന്നത് തങ്ങളുടെ വിഡിയോ പ്ലാറ്റ്ഫോമിനെയാണെന്നും ഗൂഗിൾ വെളിപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button