ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചു; ഹുബ്ബള്ളിയിൽ രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം,9 പേർ ചികിത്സയിൽ
ബംഗളുരു: കർണാടകയിലെ ഹുബ്ബള്ളിയിൽ പാചക വാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് അയ്യപ്പ ഭക്തർ മരിച്ചു. പരിക്കേറ്റ ഏഴ അയ്യപ്പ ഭക്തമാർ ചികിത്സയിലാണ്. മൂന്ന് ദിവസം മുമ്പുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നവരാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഒപ്പമുണ്ടായിരുന്നഏഴ് പേരും ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. അയ്യപ്പ ഭക്തർ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കഴിഞ്ഞ ദിവസം കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പരിക്കേറ്റവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിന് അഭ്യർത്ഥന നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തിങ്കളാഴ്ച അർദ്ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ഹുബ്ബള്ളിയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിന് സമീപത്തുവെച്ച് ഭക്തരുടെ സംഘത്തിലെ ഒരാൾ എൽപിജി സ്റ്റൗ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് ഗ്യാസ് ചോർച്ചയ്ക്കും പിന്നാലെ പൊട്ടിത്തെറിക്കും കാരണമായതെന്ന് പരിസരവാസികൾ പറഞ്ഞു. ചോർച്ചയുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ തീപിടിക്കുകയും തീ അതിവേഗം ആളിക്കത്തുകയും ചെയ്തു. ഭക്തർ കിടന്നുറങ്ങിയിരുന്ന മുറിയ്ക്ക് ഒരു വാതിലും ജനലും മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാൻ സാധിക്കാതെ ഇവർ മുറിയ്ക്കുള്ളിൽ കുടുങ്ങി. പിന്നീട് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രണ്ട് പേർ മരണപ്പെടുകയായിരുന്നു.