ഇന്റർവ്യൂ ജയിക്കണമെങ്കിൽ 10 മിനിറ്റ് മോർച്ചറിയിൽ നിൽക്കണം, ചൈനയില് മോർഗ് മാനേജർ ജോലിക്കുള്ള പരീക്ഷ ഇങ്ങനെ
ചൈനയിൽ നിന്നും വളരെ വിചിത്രമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവിടെയുള്ള ഒരു ഫ്യൂണറൽ ഹോം മോർഗ് മാനേജർ തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നുണ്ട് എന്ന് പരസ്യം ചെയ്തു. ശമ്പളം പ്രതിമാസം $300 (25,581.68 ഇന്ത്യൻ രൂപ) ആണ്. എന്നാൽ, ഇന്റർവ്യൂ വിജയിക്കണമെങ്കിൽ പാലിക്കേണ്ടി വരുന്ന ഒരു കാര്യമാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത് തണുത്ത മോർച്ചറിയിൽ 10 മിനിറ്റ് ചെലവഴിക്കണം. റുഷാൻ മുനിസിപ്പൽ ബ്യൂറോ ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ സെക്യൂരിറ്റിയിൽ നിന്നാണ് ജോലിക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ യോഗ്യത ഇങ്ങനെയാണ്: പുരുഷന്മാരായിരിക്കണം. പ്രായം 45 വയസ്സിന് താഴെയാവണം, കുറഞ്ഞത് ജൂനിയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമെങ്കിലും വേണം, 24 മണിക്കൂറും ജോലി ചെയ്യാൻ തയ്യാറായിരിക്കണം സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മൂന്നുവർഷത്തെ കരാറിലായിരിക്കും നിയമനം. അപേക്ഷകർ 852 രൂപ പരീക്ഷാ ഫീസ് അടക്കേണ്ടതുമുണ്ട്. എന്നാലും എന്തിനാണ് അപേക്ഷകർ 10 മിനിറ്റ് മോർച്ചറിയിൽ ചെലവഴിക്കേണ്ടത് എന്ന ചോദ്യത്തിന് സ്റ്റാഫ് അംഗങ്ങളുടെ മറുപടി, ചിലർക്ക് മോർച്ചറിയിൽ നിൽക്കാൻ ഭയമോ എന്തെങ്കിലും തരത്തിലുള്ള വിലക്കുകളോ ഒക്കെ ഉണ്ടായേക്കാം. എന്നാൽ, ഈ ജോലിയിൽ ചേരുന്ന ഒരാൾക്ക് 10 മിനിറ്റോ അതിലധികമോ മോർച്ചറിയിൽ ചെലവഴിക്കേണ്ടി വരും. അതിന് മുന്നോടിയായുള്ള ഒരു ടെസ്റ്റ് മാത്രമാണ് ഇത് എന്നാണ്. അതേസമയം, എത്രപേർ പ്രസ്തുത ജോലിക്ക് വേണ്ടി അപേക്ഷിച്ചു എന്ന് ഉറപ്പില്ല. ഫ്യൂണറൽ ഹോം രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയുന്നത്, ഇത്തരം സാഹചര്യങ്ങളിൽ ഉദ്യോഗാർത്ഥികളുടെ മാനസികമായ അവസ്ഥ മനസിലാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയുള്ള ടെസ്റ്റുകൾ നടത്തുന്നത് എന്നാണ്.