National

ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് മനുഷ്യക്കടത്ത്; രണ്ട് ഏജന്റുമാർ ചേർന്ന് കടത്തിയത് 35000 പേരെ

മുംബൈ : ഇന്ത്യയിൽനിന്ന് കാനഡയിലേക്ക് സ്റ്റുഡന്റ് വിസയുടെ മറവിൽ മനുഷ്യക്കടത്ത് നടക്കുന്നുവെന്ന് ഇഡി കണ്ടെത്തൽ. മനുഷ്യക്കടത്തുകാർ യുഎസ്-കാനഡ അതിർത്തിയിൽ കൊടുംശൈത്യത്തിൽ ഉപേക്ഷിച്ചതിനെ തുടർന്ന് ​ഗുജറാത്തി കുടുംബം മരവിച്ചു മരിച്ച കേസിന്റെ അന്വേഷണമാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്. മൂന്ന് വർഷം മുമ്പ് 2022 ജനുവരി 19നാണ് യുഎസ്-കാനഡ അതിർത്തിയിൽ കൊടും ശൈത്യത്തിൽ നാലംഗ ഗുജറാത്തി കുടുംബം മരവിച്ചു മരിച്ച ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി (35), ഇവരുടെ 11 വയസുകാരിയായ മകൾ, മൂന്നു വയസുകാരനായ മകനുമാണ് അനധികൃതമായി യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മരിച്ചത്. കനത്ത മഞ്ഞുവീഴ്ചക്കിടെ മനുഷ്യക്കടത്തുകാർ ഇവരെ അതിർത്തിയിൽ ഉപേക്ഷിക്കുകയായിരുന്നു.

മൂന്ന് വർഷത്തിനു ശേഷം പട്ടേൽ കുടുംബത്തിന്റെ കേസിൽ ഉൾപ്പെട്ട ഏജന്റുമാർക്കെതിരായ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കാനഡയിലെ 260 കോളേജുകൾ ഉൾപ്പെടുന്ന മനുഷ്യക്കടത്തുകാരുടെ ഒരു അന്താരാഷ്ട്ര സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുവെന്നാണ് ഇഡി കണ്ടെത്തിയത്. സ്റ്റുഡന്റ് വിസ വഴി ഇന്ത്യൻ പൗരന്മാരെ കാനഡ വഴി യുഎസിൽ എത്തിക്കുമെന്നാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി 55 മുതൽ 60 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. വിസക്ക് അപേക്ഷിക്കുന്നവർ കാനഡയിൽ എത്തിക്കഴിഞ്ഞാൽ, കോളജുകളിൽ ചേരുന്നതിന് പകരം യുഎസ്-കാനഡ അതിർത്തി കടക്കുന്നു. പിന്നീട്, കോളജുകളിൽ അടച്ച ഫീസ് വ്യക്തികളുടെ അക്കൗണ്ടിലേക്ക് ലഭിക്കുന്നുവെന്നാണ് ഇഡി പറയുന്നതു.

ഡിസംബർ 10, 19 തീയതികളിൽ മുംബൈ, നാഗ്പൂർ, ഗാന്ധിനഗർ, വഡോദര എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളിൽ ഇഡി നടത്തിയ റെയ്ഡിൽ മുംബൈയും നാഗ്പൂരും ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഏജന്റുമാർ മുഖേന പ്രതിവർഷം 35,000ഓളം ആളുകളാണ് അനധികൃതമായി വിദേശത്തേക്ക് കുടിയേറിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്തിൽ 1,700ഓളം ഏജന്റുമാരും ഇന്ത്യയിലുടനീളം 3,500ഓളം പേരും ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. 800ൽ കൂടുതൽ പേർ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിലവിൽ സജീവമാണ്.

പരിശോധനയിലൂടെ 19 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ ഇഡി മരവിപ്പിക്കുകയും, രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും കുറ്റകരമായ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പരിശോധനയിൽ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button