ജനങ്ങളെ ഭീതിയിലാഴ്ത്തി തെരുവിൽ അലഞ്ഞ് ആഫ്രിക്കയിൽ നിന്നെത്തിയ ചീറ്റ
ഷിയോപൂർ : 2022 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച എട്ട് ചീറ്റകളിൽ ഒന്നായ ‘വായു’. ഇപ്പോഴിതാ മധ്യപ്രദേശിലെ ഷിയോപൂർ തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. ഷിയോപൂരിലെ തിരക്കേറിയ പ്രദേശത്തും സ്കൂളിന് സമീപവും ചീറ്റ നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വീർ സവർക്കർ സ്റ്റേഡിയത്തിന് സമീപം ചീറ്റ ഒരു തെരുവ് നായയെ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
സ്കൂളുകൾ, ഹൗസിംഗ് കോളനികൾ, കളക്ട്രേറ്റ്, കുനോ നാഷണൽ പാർക്കിൻ്റെ സമീപ സ്ഥലങ്ങളിലും ബഫർ സോണുകളിലും കഴിഞ്ഞ മൂന്ന് ദിവസമായി വായുവിനെ കണ്ടതായി പ്രദേശവാസികൾ പറയുന്നുണ്ട്. വായുവിനൊപ്പം ആൺ ചീറ്റ അഗ്നിയെയും ഡിസംബർ 4 നാണ് കാട്ടിലേക്ക് തുറന്നുവിട്ടിരുന്നത്. ശേഷം ഇരുവരും വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുകയായിരുന്നു. ചീറ്റ ഇപ്പോൾ ഷിയോപൂർ നഗരത്തിലില്ല എന്നാണ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉത്തം ശർമ്മ പറയുന്നത്. ചീറ്റയെ കണ്ടെത്താൻ കഴിയാത്തത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.