പൂച്ചക്കുഞ്ഞിനെ പോലെ സിംഹം, മടിയിലിരുത്തി ലാളിച്ച് യുവതി, ഇത് അപകടകരം എന്ന് നെറ്റിസണ്സ്,
സോഷ്യൽ മീഡിയ സജീവമായതോടെയാണ് വിവിധ മൃഗങ്ങളുടെ വീഡിയോകൾ നാം കാണുന്നതും ഓരോ മൃഗങ്ങളെ കുറിച്ചും ഇത്രയധികം മനസിലാക്കുന്നതും. സിംഹവും ആനയും ഹിപ്പോയും ഒക്കെ അതിൽ പെടുന്നു. വന്യമൃഗങ്ങളെ ലാളിക്കാനായാലും സ്നേഹിക്കാനായാലും അവയുടെ അടുത്ത് ചെല്ലരുത് എന്ന് പറയാറുണ്ട്. എന്നാൽ, സിംഹത്തിനൊപ്പവും ആനകൾക്കൊപ്പവും ഒക്കെ ഇടപെടുന്ന മനുഷ്യരുടെ അനേകം വീഡിയോകൾ നാം കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു വീഡിയോയാണ് ഇതും. Nature is Amazing എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ എക്സിൽ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സിംഹത്തിന് ഇത്രയേറെ സ്നേഹം കാണിക്കാൻ കഴിയുമെന്നത് അത്ഭുതപ്പെടുത്തുന്നു എന്നാണ് കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്. യുവതിയുടെ ഭാഗ്യമാണ് ഇതെന്നും പറയുന്നുണ്ട്. വീഡിയോയിൽ കാണുന്നത് ഒരു സിംഹത്തിനേയും ഒരു യുവതിയേയുമാണ്. സിംഹത്തിന്റെ കെയർടേക്കറായിരുന്നോ യുവതി എന്ന് ഉറപ്പില്ല. സിംഹം യുവതിയുടെ മടിയിലാണ് ഉള്ളത്. അത് യുവതിയോട് വളരെ സ്നേഹത്തിലാണ് ഇടപെടുന്നത്. യുവതി ഒരു പൂച്ചക്കുഞ്ഞിനെ എന്നതുപോലെയാണ് സിംഹത്തെ കാണുന്നത് എന്നാണ് വീഡിയോ കാണുമ്പോൾ തോന്നുക. അവർ വാത്സല്യത്തോടെ അതിന്റെ തലയിലും ദേഹത്തും എല്ലാം തലോടുന്നത് കാണാം. സിംഹവും ശാന്തമായിട്ടാണ് ഇരിക്കുന്നത്. കുറച്ച് നേരം കഴിയുമ്പോൾ ഒരു സിംഹം കൂടി അങ്ങോട്ട് വരുന്നത് കാണാം. അതും യുവതിയുടെ അടുത്തെത്തുന്നു. ആ സിംഹത്തേയും യുവതി ലാളിക്കുന്നതായി ദൃശ്യത്തിൽ കാണാംഎന്തായാലും, വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നേരത്തെ ഇതുപോലെ തങ്ങളെ പരിചരിച്ചിരുന്ന ആളുകളെ കാണുമ്പോൾ ഓടിയടുക്കുന്ന സിംഹങ്ങളുടെ വീഡിയോയും വൈറലായിരുന്നു. എന്തൊക്കെ പറഞ്ഞാലും വന്യമൃഗങ്ങൾ വന്യമൃഗങ്ങൾ തന്നെയാണ്. സൂക്ഷിച്ചും കണ്ടും ഇടപഴകണം എന്ന് കമന്റ് നൽകിയവരുണ്ട്.