ഏലക്കയുമായി പോകുന്ന ലോറി, പിന്നിൽ ഒരു വാൻ, ഒരാൾ ചാടി ലോറിയിൽ കയറി; മോഷ്ടിച്ചത് ഒരു ചാക്ക്, 3 പേർ പിടിയിൽ
അണക്കര: ഇടുക്കി അണക്കരയിൽ ഓടുന്ന വാഹനത്തിൽ നിന്നും ഏലക്കായ മോഷ്ടിച്ച മൂന്ന് പേരെ കുമളി പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് മധുര സ്വദ്ദേശികളാണ് പിടിയിലായവർ. ഒരു ചാക്ക് ഏലക്കയും നഷ്ട്ടപ്പെട്ടു. പുറകെ മറ്റൊരു വാഹനത്തിൽ എത്തിയവർ ഏലക്ക കൊണ്ടുപോയി എന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ഇരുപത്തിയേഴാം തീയതി പലർച്ചെ മൂന്നേകാലോടെയാണ് സംഭവം. അണക്കരയിലെ ലേലം ഏജൻസിയിൽ നിന്നും ബോഡിനായ്ക്കന്നൂരിലേക്ക് ഏലക്ക കയറ്റി വരികയായിരുന്ന ലോറിയിലാണ് മോഷണം നടന്നത്. തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളിൽ പ്രതികളും മധുര സ്വദേശികളുമായ ജയകുമാർ, പ്രസാദ് മുരുകൻ, കനകരാജ് എന്നിവരാണ് അറസ്റ്റിലായത്. വാനിലെത്തിയ പ്രതികളിൽ ഒരാൾ ഓടുന്ന ലോറിക്ക് മുകളിൽ കയറിയ ശേഷം 52 കിലോ ഏലക്കയുണ്ടായിരുന്ന ഒരു ചാക്ക് പുറത്തേക്ക് തള്ളിയിട്ടു. അണക്കരക്കും മൂന്നാംമൈലിനും ഇടയിൽ വച്ചാണ് മോഷണം നടത്തിയത്. പിന്നാലെ എത്തിയ വാഹനത്തിൽ വന്നയാൾക്ക് സംശയം തോന്നിയതോടെ ലോറി ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വെളിച്ചമുള്ള സ്ഥലം നോക്കി ഡ്രൈവർ ലോറി നിർത്തി. ഇതോടെ ലോറിയിൽ ഉണ്ടായിരുന്ന മോഷ്ടാവ് ഇറങ്ങി പുറകെയെത്തിയ വാനിൽ കയറി രക്ഷപ്പെട്ടു. ഉടൻതന്നെ ലോറി ഡ്രൈവർ വിവരം കുമളി പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ പൊലീസ് അന്വേഷണത്തിലാണ് മധുര സ്വദേശികളായ മൂവർ സംഘത്തെ അറസ്റ്റ് ചെയ്യുന്നത്. ഏലക്കയുമായി വാഹനം പുറപ്പെടുന്ന സമയം കൃത്യമായി മനസ്സിലാക്കിയ ശേഷമായിരുന്നു മൂവർ സംഘത്തിൻറെ മോഷണമെന്ന് കുമളി സബ് ഇൻസ്പെക്ടർ ജെഫി ജോർജ്ജ് പറഞ്ഞു. ഗൂഡല്ലൂർ കേന്ദ്രീകരിച്ചുള്ള ഏലക്ക മോഷണ കേസിലും ഇവർ പ്രതികളാണ്. അതേസമയം പ്രതികൾ വാഹനത്തിൽ നിന്നും തള്ളിയിട്ട ഏലക്ക കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മറ്റൊരു വാഹനത്തിൽ എത്തിയവർ ഏലയ്ക്കാ എടുത്തു കൊണ്ടുപോയി എന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ഇതിൻറെ അടിസ്ഥാനത്തിൽ സിസിടിവിദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.