Business

ഐഫോണ്‍ 14 ഇന്ത്യക്കാര്‍ക്കും നഷ്‌ടമാകുമോ? മൂന്ന് ഫോണുകള്‍ വിപണിയിൽ നിന്ന് ആപ്പിൾ പിൻവലിക്കുന്നു

കാലിഫോര്‍ണിയ: യൂറോപ്യന്‍ വിപണിയില്‍ നിന്ന് ഐഫോൺ 14 ഉൾപ്പെടെയുള്ള മൂന്ന് സ്‌മാര്‍ട്ട്‌ഫോണുകള്‍ പിൻവലിക്കാനൊരുങ്ങി ടെക് ഭീമന്‍മാരായ ആപ്പിൾ. ഇതിനോടകം പല രാജ്യങ്ങളും ഐഫോൺ 14ന്‍റെ വില്‍പന നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് മറ്റ് രാജ്യങ്ങളിലും ഫോണിന് നിയന്ത്രണം വരുന്നത്. ഭാവിയില്‍ യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും ഈ ഐഫോണുകള്‍ അപ്രത്യക്ഷമായേക്കും.  ഐഫോൺ 16 പുറത്തിറങ്ങുന്നതിന് പിന്നാലെ ഐഫോൺ 14 പിൻവലിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെയുണ്ടായിരുന്നു. വൈകാതെ യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും ഐഫോൺ 14 ഉൾപ്പടെയുള്ള മൂന്ന് ഫോണുകളുടെ വിൽപന അവസാനിപ്പിക്കാനുള്ള നീക്കവും നടന്നു. ഐഫോൺ 14നൊപ്പം 14 പ്ലസ്, ഐഫോണ്‍ എസ്ഇ സിരീസിലെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഫോണായ എസ്ഇ-3 (തേർഡ് ജനറേഷൻ) എന്നിവയുടെ വില്‍പനയും നിർത്തിവച്ചേക്കും. യൂറോപ്പില്‍ ആപ്പിളിന്‍റെ ഓൺലൈൻ സ്റ്റോറുകളിൽ നിന്നും ഈ ഡിവൈസുകൾ ഇതിനകം ഒഴിവാക്കിക്കഴിഞ്ഞു. ഭാവിയില്‍ ഈ പിന്‍വാങ്ങല്‍ യൂറോപ്പിന്‍റെ പുറത്തേക്കും വ്യാപിച്ചേക്കാം. യൂറോപ്പില്‍ മാർക്കറ്റുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഈ ഫോണുകൾ ഇനി വാങ്ങാനാകില്ല. ലൈറ്റ്നിങ് പോർട്ടുകളുടെ ഉപയോഗം കുറയ്ക്കണമെന്ന യൂറോപ്യൻ യൂണിയന്‍റെ നിർദേശത്തിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ നടപടി. 2022ലെ യൂറോപ്യൻ യൂണിയന്‍റെ വിധിയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. വിധിയിൽ പറയുന്നതനുസരിച്ച് യൂണിയൻ അംഗമായ 27 അംഗരാജ്യങ്ങളിൽ വിൽക്കുന്ന സ്മാർട്ട്‌ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി ഉപയോഗിക്കണം. നിലവിൽ ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ എസ്ഇ (തേർഡ് ജനറേഷൻ) എന്നിവയ്ക്ക് യുഎസ്‌ബി-3 പോർട്ടുകൾ ഇല്ലാത്തതിനാൽ വില്‍പന നിർത്തിവെയ്ക്കുകയാണ് ആപ്പിളിന് മുന്നിലുള്ള ഏക വഴി.  ഓസ്ട്രിയ, ഫിൻലാൻഡ്, ബെൽജിയം, ഡെൻമാർക്ക്, ജർമനി, ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, നെതർലാൻഡ്‌സ്, സ്വീഡൻ എന്നിവിടങ്ങളിൽ ഐഫോൺ 14ന്‍റെ വില്‍പന ഇതിനകം നിർത്തിവെച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button