Crime

വയോധികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പാഞ്ഞു; സ്പോർട്സ് ബൈക്ക് റൈഡറെ ഊട്ടിയിൽ നിന്ന് പൊക്കി പൊലീസ്

കല്‍പ്പറ്റ: വയോധികനെ ഇടിച്ച് നിര്‍ത്താതെ പോയ സ്‌പോര്‍ട്‌സ് ബൈക്കും ബൈക്ക് ഓടിച്ച അരുണാചല്‍ സ്വദേശിയായ റൈഡറെയും ഊട്ടിയില്‍ നിന്ന് പൊലീസ് പിടികൂടി. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് സിയാന്‍ങ് ജില്ലയിലെ ആലോ സ്വദേശി ന്യാകി ലോല്ലന്‍ (27) എന്നയാളെയാണ് ചൊവ്വാഴ്ച രാവിലെ ഊട്ടിയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ ഉപയോഗിച്ച TN 37 BU 0073 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള R15 ബൈക്കും കസ്റ്റഡിയില്‍ എടുത്തു. അപകടമുണ്ടാക്കിയ ശേഷം ലോല്ലന്‍ അരുണാചലിലേക്ക് രക്ഷപെടുന്നതിനിടെയാണ് പൊലീസ് എത്തിയത്. പ്രതി വാഹനത്തിന്റെ നമ്പര്‍ ബോര്‍ഡില്‍ കൃത്രിമത്വമുണ്ടാക്കിയിട്ടും ഇരുന്നൂറിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് വാഹനം തിരിച്ചറിഞ്ഞത്.  ഈ മാസം പതിനെട്ടാം തീയതി വൈകുന്നേരം നാല് മണിയോട് കൂടിയായിരുന്നു കല്‍പ്പറ്റ പഴയ സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ബസിനെ ഇടത് വശത്ത് കൂടി മറികടന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് വഴിയാത്രക്കാരനായ താമരശ്ശേരി കൂടരഞ്ഞി സ്വദേശിയായ പൗലോസിനെ ഇടിച്ചുതെറിപ്പിച്ചത്. വാഹനം നിര്‍ത്താതെ പോയതോടെ സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ജില്ലക്കകത്തും പുറത്തുമായി ഇരുന്നൂറിലധികം സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ചും സ്‌പോര്‍ട്‌സ് ബൈക്കുകള്‍ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തിയത്. കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.ജെ. ബിനോയ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി.കെ. നൗഫല്‍, കെ.കെ. വിപിന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button