കുഴൽ കിണറിൽ വീണ് 10 ദിവസം; മൂന്നു വയസ്സുകാരിയെ പുറത്തെടുത്തു, സംഭവം രാജസ്ഥാനിലെ കോട് പുത്തലിയിൽ
ജയ്പൂർ: രാജസ്ഥാനിലെ കോട് പുത്തലിയിൽ 10 ദിവസമായി കുഴൽ കിണറിൽ കുടുങ്ങിയ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചേതനയെന്ന പെൺകുട്ടിയാണ് കുഴൽകിണറിൽ വീണത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 700 അടി താഴ്ചയുള്ള കുഴൽ കിണറിൽ കഴിഞ്ഞ മാസം 23 നാണ് ചേതന വീണത്. പത്ത് അടിയുള്ള ഇരുമ്പ് ദണ്ഡിൽ കൊളുത്ത് വച്ച് കെട്ടി കുട്ടിയുടെ വസ്ത്രത്തിൽ കുരുക്കിട്ട് മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതിനായി നിരവധി യന്ത്രങ്ങളും സ്ഥലത്തെത്തിച്ചു. പക്ഷേ പ്രദേശത്ത് പെയ്ത കനത്ത മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയായിരുന്നു. ഡിസംബർ 23നാണ് അച്ഛന്‍റെ കൃഷി സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ചേതന 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. 150 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. പൊലീസിന്റെയും എൻഡിആർഎഫ്, എസ്ഡിആർഎഫ് അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അതേസമയം, അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് കുട്ടിയെ പുറത്തെത്തിക്കാൻ സാധിക്കാത്തതിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ച് രംഗത്തെത്തിയിരുന്നു. കലക്ടറുടെ കുഞ്ഞായിരുന്നെങ്കിൽ ഇങ്ങനെ വൈകിപ്പിക്കുമായിരുന്നോ എന്നാണ് അമ്മ ധോല ദേവി കണ്ണീരോടെ ചോദിച്ചത്. മകൾ കുഴൽക്കിണറിൽ വീണ അന്നു മുതൽ ഭക്ഷണം കഴിക്കാതെ അമ്മയുടെ ആരോഗ്യനില മോശമായിരുന്നു. ഓരോ നിമിഷം കഴിയുന്തോറും കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും എത്രയും പെട്ടെന്ന് കുട്ടിയെ പുറത്തെത്തിക്കണമെന്ന് കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പത്തു ദിവസം പിന്നിടുമ്പോൾ കുട്ടിയുടെ മൃതദേഹമാണ് പുറത്തെടുക്കാനായത്.