Spot lightWorld

താമസിക്കാനായി ഫ്ലാറ്റ് നൽകി, രണ്ട് വർഷം കഴിഞ്ഞ് കണ്ടത് ‘കോഴിഫാം’; ഇവനെയൊക്കെ എന്താണ് ചെയ്യേണ്ടതെന്ന് ഉടമ

താമസിക്കാൻ എന്ന വ്യാജേന വാടകയ്ക്ക് ഫ്ലാറ്റ് എടുത്ത് അതിനുള്ളിൽ കോഴികളെ വളർത്തിയ വാടകക്കാരനെതിരെ പരാതിയുമായി വീട്ടുടമ. ചൈനയിലെ ഷാങ്ഹായിലെ ഒരു വീട്ടുടമയാണ് പരാതിയുമായി രംഗത്തെത്തിയത്.  ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. പേര് വെളിപ്പെടുത്താത്ത ഈ വീട്ടുടമ കഴിഞ്ഞ മാസം അവസാനം വാടകയ്ക്ക് നല്‍കിയ തന്‍റെ വീട് പരിശോധിക്കാനായി എത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കാഴ്ച കണ്ട് മനസ് തകര്‍ന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.  കഴിഞ്ഞ രണ്ട് വർഷക്കാലമായി വടകയ്ക്ക് നല്‍കിയ വീട്, അദ്ദേഹം സന്ദര്‍ശിച്ചിരുന്നില്ല. ഈ സമയത്ത് വീട് മറ്റൊരാൾക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു. അയാളാണ് ഫ്ലാറ്റിലെ മുറികളില്‍ കോഴികളെ വളര്‍ത്തി അതൊരു കോഴി ഫാമാക്കി മാറ്റിയത്. ഒടുവില്‍, കഴിഞ്ഞ ദിവസം വീട്ടിലെത്തിയ താന്‍ അതിനുള്ളിലെ കാഴ്ച കണ്ട് തകർന്ന് പോയെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.  വീടിന്‍റെ സിറ്റിംഗ് റൂം മുഴുവൻ കോഴികളെ കൊണ്ട് നിറഞ്ഞിരുന്നു. അവയുടെ തൂവലും കാഷ്ടവും മുറിയിലാകെ നിറഞ്ഞ് കിടന്നു.  കടുത്ത ദുർഗന്ധം വമിക്കുന്ന അവസ്ഥയാലായിരുന്നു വീടെന്നും ഇദ്ദേഹം പറയുന്നു. വീടിന്‍റെ തറയും ഭിത്തിയും പൂർണ്ണമായും നശിച്ചു പോയെന്നും മേലിൽ ആ വീട്ടിൽ ആർക്കും താമസിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വീട് പൂർണമായി നവീകരിച്ചാൽ അല്ലാതെ ഇനിയത് ആർക്കും ഉപയോഗിക്കാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവീകരണ പ്രവർത്തികൾക്ക് മാത്രമായി തനിക്ക് ഇതുവരെയും ലഭിച്ച വാടകയുടെ ഇരട്ടി ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു.  വീട്ടിൽ നിന്നും കടുത്ത രീതിയിൽ ദുർഗന്ധം വമിച്ചതോടെ അയൽക്കാരാണ് വീട്ടുടമയോട് പരാതി പറഞ്ഞത്. പരാതികളെ തുടർന്ന്  വീട്ടിലെത്തിയ അദ്ദേഹം, കണ്ടത് കോഴിഫാം. തന്നോട് ഇത്രമാത്രം മോശമായി പെരുമാറിയ വാടകക്കാരനോട് എങ്ങനെ പ്രതികരിക്കണമെന്ന് ഉടമ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് ഉപദേശം തേടി. വാടകക്കാരൻ, വീട് വാങ്ങിച്ച ഉദ്ദേശത്തില്‍ നിന്നും മാറിയതിനാല്‍ ഉടമയ്ക്ക് പാട്ടക്കരാർ അവസാനിപ്പിക്കാമെന്ന് ചൈനയുടെ സിവിൽ കോഡ് വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് സംഭവത്തിൽ പ്രതികരിച്ച ജിലിൻ സുബാംഗ് എന്ന നിയമ സ്ഥാപനത്തിലെ അഭിഭാഷകനായ ഷാങ് യിംഗ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button