Crime

ബാറിൽ വിളിച്ചുവരുത്തി മദ്യം നൽകി, ശേഷം ഭീഷണിപ്പെടുത്തി കവർച്ച; നിരോധിത ഗുളികകളുമായി അഞ്ചംഗസംഘം അറസ്റ്റിൽ

തിരുവനന്തപുരം: മദ്യസൽക്കാരം നടത്തിയ ശേഷം യുവാവിനെ ഭീഷണിപ്പെടുത്തി പണം കവർന്ന അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. നെടുമങ്ങാട് പനവൂർ പാണയത്ത് നിന്നും നിരോധിത ഗുളികകളുമായാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു ബൈക്കും മാരകായുധങ്ങളും ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ക്രിമിനൽ കേസിലെ പ്രതികളാണിവരെന്ന് നെടുമങ്ങാട് പൊലീസ് പറയുന്നു. അഖിൽ ( 32), സൂരജ് (28), മിഥുൻ (28), വിമൽ (25), അനന്തൻ (24 ) എന്നിവരാണ് പിടിയിലായത്.  കഴിഞ്ഞ ദിവസം മുഖ്യ പ്രതിയായ അഖിലിന്‍റെ പരിചയക്കാരനായ പൂവത്തൂർ സ്വദേശി സുജിത്തിനെ നെടുമങ്ങാടുള്ള ഒരു ബാറിൽ മദ്യപിക്കാനായി വിളിച്ചുവരുത്തി. മദ്യം നൽകിയ ശേഷം നെടുമങ്ങാട് – വട്ടപ്പാറ റോഡിൽ  ഗവൺമെന്‍റ് കോളജിനടുത്ത് കാരവളവിൽ വച്ച് രാത്രി 10.30 ഓടെ ഈ സംഘം  ബൈക്കുകളിൽ  വന്ന് ആയുധം കാട്ടി ഭീഷണിപ്പെടുത്തി. സുജിത്തിന്‍റെ കയ്യിലുണ്ടായിരുന്ന 15,000 രൂപ കവർന്നെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ സുജിത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.   അന്തർ സംസ്ഥാന വാഹനമോഷ്ടാക്കളായ അനന്തനും വിമലും പിടിച്ചുപറി, വാഹന മോഷണം എന്നീ കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറയുന്നു. ലഹരി കച്ചവടം, കവർച്ച, ഭീഷണിപ്പെടുത്തൽ, ആയുധം കൈവശം വയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസടുത്തത്. നെടുമങ്ങാട് ഡിവൈഎസ്പി അരുണിന്‍റെ നേതൃത്വത്തിൽ നെടുമങ്ങാട് – പാലോട് പൊലീസ് സ്റ്റേഷനുകളുടെ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് എസ്എച്ച്ഒ വി. രാജേഷ് കുമാർ, പാലോട് എസ്എച്ച്ഒ അനീഷ് കുമാർ, എസ്ഐമാരായ ഓസ്റ്റിൻ, സന്തോഷ് കുമാർ, മുഹസിൻ, അനിൽകുമാർ, റഹീം, സജി എഎസ്ഐ അസീ ഹുസൈൻ, സിവിൽ പൊലീസ് ഓഫീസർമാരായ  ബിജു, ആകാശ്, രാജേഷ് കുമാർ, എ അരുൺ, ടി. അരുൺ അനന്ദു, ദീപു, സുലൈമാൻ സൂരജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button