Kerala

മലകയറവെ അച്ഛന്റെ കൈവിട്ടു, വിതുമ്പി 7 വയസുകാരി, 5-ാം മണിക്കൂറിലും കുട്ടിക്കായി ആരും വന്നില്ല; രക്ഷയായി എക്സൈസ്

പത്തനംതിട്ട: മകരവിളക്ക് അടുക്കുന്നതോടെ കനത്ത തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഇന്നലെയടക്കം മണിക്കൂറുകൾ കാത്തുനിന്നാണ് അയ്യപ്പ ഭക്തര്‍ ദര്‍ശനം നടത്തി മടങ്ങിയത്. ദര്‍ശനത്തിനെത്തുന്ന കുട്ടികളും സ്ത്രീകളും പ്രായമുള്ളവരും കൂട്ടം തെറ്റാതിരിക്കാനും വലിയ കാവലാണ് സന്നിധാനത്ത് ഉള്ളത്. പൊലീസും മറ്റ് സേനകൾക്കും ഒപ്പം എക്സൈസ് സംഘവും സേവനത്തിനുണ്ട്. ഇപ്പോഴിതാ ഇന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടയിൽ നീലിമലയിൽ കൂട്ടം തെറ്റിയ കുഞ്ഞു മാളികപ്പുറത്തിന് കൈത്താങ്ങായിരിക്കുകയാണ് സന്നധാനത്തെ എക്സൈസ് ഉദ്യോഗസ്ഥര്‍. അയ്യപ്പ ദർശനത്തിന് എത്തിയ കുഞ്ഞു മാളികപ്പുറം തിരക്കിനിടയിൽപ്പെട്ടു. രക്ഷിതാക്കളെ കൈവിട്ട ഏഴ് വയസുകാരി ഏറെ ഭയന്നു. നീലിമലക്ക് സമീപം മരച്ചുവട്ടിൽ വിതുമ്പി കരയുകയായിരുന്നു അവൾ. ആശ്വസിപ്പിച്ച് ചേർത്തുപിടിച്ച് രക്ഷകരായി എക്സൈസ് ഉദ്യോഗസ്ഥർ രക്ഷിതാക്കളെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.  കുട്ടിയുടെ കൈയ്യിൽ കെട്ടിയ ടാഗിലെ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു.  മരക്കൂട്ടത്തിൽ നിന്നും പോലീസിന്റെ വയർലസ് സെറ്റ് വഴി സന്ദേശം കൈമാറിയെങ്കിലും അഞ്ച് മണിക്കൂറോളം കുട്ടിക്കായി ആരും എത്തിയിരുന്നില്ല. തുടർന്ന് പൊലീസിന്റെ സഹായത്തോടെ കുട്ടിയുടെ വല്യച്ഛനെ കണ്ടുപിടിച്ച് എക്സൈസ് ഉദ്യോഗസ്ഥർ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button