Crime

അകത്ത് കയറി വെറും 80 സെക്കൻഡ് മാത്രം, പ്രധാന ലോക്കറടക്കം അനായാസം പൊളിച്ചു; നഗരത്തെ ഞെട്ടിച്ച് ജ്വല്ലറി മോഷണം

മുംബൈ: മുംബൈ വസായിലെ അഗർവാൾ സിറ്റിയിലെ ജ്വല്ലറിയിൽ മോഷണം. വെള്ളിയാഴ്ച രാത്രി ആയുധധാരികളായ കവർച്ചക്കാർ ജ്വല്ലറിയില്‍ മോഷണം നടത്തുകയായിരുന്നു.  പ്രധാന ലോക്കറിൽ നിന്ന് വെറും 1 മിനിറ്റും 20 സെക്കൻഡും കൊണ്ട് 87ഓളം പവൻ സ്വര്‍ണമാണ് കവര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. രണ്ട് പേര്‍ ജ്വല്ലറിയില്‍ കയറിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുവരും മായങ്ക് ജ്വല്ലേഴ്‌സിൽ പ്രവേശിച്ച് ഉടമയായ രത്തൻലാൽ സിംഗ്വിയെ ആക്രമിക്കുകയും വേഗത്തിൽ കവർച്ച നടത്തി രക്ഷപെടുകയായിരുന്നു. ഇതെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷണം, ആയുധ നിയമം എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിന് 40 ലക്ഷം രൂപയോളം വില വരുമെന്നാണ് പ്രാഥമിക റിപ്പോർട്ട്.  മീരാ ഭയന്ദർ വസായ് വിരാർ കമ്മീഷണറേറ്റിലെ (എംബിവിവി) മുതിർന്ന പൊലീസുകാർ സംഭവസ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. 2021 ഓഗസ്റ്റിൽ, സ്റ്റേഷന് സമീപമുള്ള തിരക്കേറിയ തെരുവിൽ ഒരു ജ്വല്ലറി കൊള്ളയടിച്ചതിന് സമാനമാണ് ഈ കേസെന്നുമാണ് പൊലീസ് സംശയിക്കുന്നത്. അന്ന് കൊള്ളയടിക്കുക മാത്രമല്ല, കടയുടെ ഉടമ കിഷോർ ജെയിനെ (48) കൊലപ്പെടുത്തുകയും ചെയ്തിരുന്നു.  അഗർവാൾ നഗരത്തിലെ വസായ് വെസ്റ്റിലാണ് മായങ്ക് ജ്വല്ലേഴ്‌സ് സ്ഥിതി ചെയ്യുന്നത്. രത്തൻലാൽ സിങ്‌വി(67)യും മകൻ മനീഷ് സിങ്‌വിയും ചേർന്നാണ് ഈ കട നടത്തുന്നത്. രത്തൻലാൽ കടയിൽ തനിച്ചായിരുന്ന സമയത്താണ് മോഷ്ടാക്കൾ എത്തിയത്. ആയുധധാരികളായ രണ്ടുപേർ കടയിൽ കയറി തോക്ക് ചൂണ്ടി രത്തൻലാലിനെ ലോക്കർ റൂമിലേക്ക് തള്ളിയിട്ട് മർദ്ദിച്ചത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 1 മിനിറ്റും 20 സെക്കൻഡും കൊണ്ട് കവർച്ച ചെയ്ത ആഭരണങ്ങൾ ഒരു ബാഗിലാക്കി മോഷ്ടാക്കൾ കടന്നുകളഞ്ഞു. ഒരു പ്രതി ഹെൽമറ്റ് ധരിച്ചിരുന്നു, മറ്റൊരാൾ മുഖംമൂടി ധരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button