സ്വിഫ്റ്റിനുള്ളിലെ ആരുമറിഞ്ഞില്ല, പുക ഉയരുന്നത് കണ്ടത് മറ്റൊരു കാറിലുള്ളവര്‍; അലറി വിളിച്ച് പറഞ്ഞു; രക്ഷയായി

കോഴിക്കോട്: ദേശീയ പാത 66ല്‍ ചേമഞ്ചേരിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു. വലിയ അപകടത്തില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് സംഭവം. ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്സലിന്‍റെ സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. അപകടം നടക്കുമ്പോള്‍ കാറില്‍ നാല് യാത്രക്കാരുണ്ടായിരുന്നു. വാഹനത്തിന്‍റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് മറ്റൊരു കാറിലെ യാത്രക്കാരാണ് വിവരം അറിയിച്ചത്. ഉടന്‍ തന്നെ കാര്‍ വെങ്ങളത്തിന് സമീപം നിര്‍ത്തി യാത്രക്കാര്‍ പുറത്തേക്കിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ ആളിക്കത്തി. കാറിന്‍റെ ഒരു വശം പൂര്‍ണമായും കത്തി നശിച്ചു. അഗ്‌നിരക്ഷാസേന എത്തുന്നതിന് മുന്‍പ് തന്നെ യാത്രക്കാരും മറ്റുള്ളവരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ നേതൃത്വം നല്‍കി.
