National

ലക്ഷ്യമിട്ടത് റഷ്യയെ, കൊണ്ടത് ഇന്ത്യക്കിട്ട്; യുഎസ് ഉപരോധം എണ്ണ വില കത്തിക്കുമോ?

രാജ്യാന്തര വിപണിയില്‍ എണ്ണ വില കൂടുന്നതിനിടയാക്കുന്ന രീതിയില്‍ റഷ്യന്‍ എണ്ണ കമ്പനികള്‍ക്കും എണ്ണ ടാങ്കറുകള്‍ക്കും എതിരായ അമേരിക്കന്‍ ഉപരോധം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ. റഷ്യയിലെ രണ്ട് എണ്ണ കമ്പനികള്‍ക്കും എണ്ണ കയറ്റുമതി ചെയ്യുന്ന 183 കപ്പലുകള്‍ക്കും എതിരെയാണ് അമേരിക്കന്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുക്രൈനുമായുള്ള യുദ്ധത്തിന് ധനസഹായം ലഭ്യമാക്കാന്‍ മോസ്കോ എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നു എന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ ഉപരോധം. യുക്രൈനുമായുള്ള യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യയുടെ എണ്ണ വ്യാപാരം യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്ക് മാറ്റിയതിനാല്‍ ടാങ്കറുകളില്‍ ഭൂരിഭാഗവും ഇന്ത്യയിലേക്കും ചൈനയിലേക്കും എണ്ണ കയറ്റി അയക്കാനാണ് റഷ്യ ഉപയോഗിക്കുന്നത്. ഇവയ്ക്കെതിരെ ഉപരോധം വരുന്നതോടുകൂടി ഈ രണ്ടു രാജ്യങ്ങളിലേക്കുമുള്ള റഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതി ബാധിക്കപ്പെട്ടേക്കാം. അമേരിക്കന്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകള്‍ റഷ്യന്‍ കപ്പലുകളുമായും എണ്ണ കമ്പനികളുമായുമുള്ള ഇടപാടുകള്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. മാര്‍ച്ച് 12 വരെയുള്ള കരാറുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മുന്നോട്ടു കൊണ്ടുപോകാന്‍ അമേരിക്ക അനുമതി നല്‍കിയതിനാല്‍  ഉടനടി ഈ പ്രതിസന്ധി ഇന്ത്യന്‍ എണ്ണ വ്യാപാര മേഖലയെ ബാധിക്കാന്‍ ഇടയില്ല. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോഗരാജ്യമാണ് ഇന്ത്യ. അമേരിക്കയുടെ  ഉപരോധം വന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതി തടസ്സപ്പെടാതിരിക്കാന്‍ റഷ്യ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്നുകൊണ്ടിരിക്കെയാണ അമേരിക്ക  ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വിലയില്‍ രണ്ട് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബ്രെന്‍റ് ക്രൂഡ് വില 80 ഡോളറിന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷവും ഉപരോധം നിലനില്‍ക്കുകയാണെങ്കില്‍ റഷ്യയുടെ പെട്രോളിയം കയറ്റുമതിയെ തടസ്സപ്പെടുത്തുന്ന ഏറ്റവും വലിയ നടപടികളില്‍ ഒന്നായിരിക്കും ഈ ഉപരോധം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button