കണിയാപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ കുടുക്കി പൊലീസ്

തിരുവനന്തപുരം: കണിയാപുരത്ത് യുവതിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി അംബാസമുദ്രം സ്വദേശി രംഗദുരൈയെ പൊലീസ് തെങ്കാശിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മംഗലപുരം പൊലീസും ഷാഡോ ടീമും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കണിയാപുരം കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനുവിനെ (വിജി-33) തിങ്കളാഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് സ്‌കൂളില്‍നിന്നെത്തിയ കുട്ടികളാണ് ഷാനുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഹാളിലെ നിലത്തുകിടക്കുന്ന നിലയിലായിരുന്ന മൃതദേഹം. കുട്ടികൾ ബഹളം വച്ചതോടെ സമീപവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. കഴുത്തില്‍ കയറും തുണിയും മുറുക്കിയാണ് യുവതിയെ കൊന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തെങ്കാശിയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഇയാളെ പൊലീസ് കുടുക്കിയത്. ഷാനുവിന്റെ ആദ്യഭര്‍ത്താവ് എട്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രംഗനോടൊപ്പമായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് ഷാനുവിന്റെ മക്കള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ രംഗനെ സംഭവശേഷം കാണാതായി. യുവതിയുടെ സ്വർണവും പണവും കവർന്നാണ് പ്രതി രക്ഷപെട്ടത്.
