
പുനെ: കഴിഞ്ഞ 20 വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരനെ പൂനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ മഹർഷി നഗർ ഏരിയയിൽ താമസിക്കുന്ന എഹ്‌സാൻ ഹാഫിസ് ഷെയ്ഖാണ് (34) പിടിയിലായത്. സ്വർഗേറ്റ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇയാളിൽ നിന്ന് ഏഴ് ആധാർ കാർഡുകൾ, രണ്ട് വോട്ടർ ഐഡി കാർഡുകൾ, രണ്ട് ഡ്രൈവിംഗ് ലൈസൻസുകൾ, ഏഴ് പാൻ കാർഡുകൾ, നാല് പാസ്‌പോർട്ടുകൾ, ഒമ്പത് ഡെബിറ്റ് കാർഡുകൾ, ഒമ്പത് ക്രെഡിറ്റ് കാർഡുകൾ, എട്ട് ജനന സർട്ടിഫിക്കറ്റുകൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, മലേഷ്യ, സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ എന്നിവയുടെ കറൻസികളും പിടിച്ചെടുത്തു. സെൽഫോണും സിം കാർഡുകളും ബിസിനസ് സംബന്ധിച്ച രേഖകളും വീടു വാടക കരാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 2004ലാണ് ഏജൻ്റുമാരുടെ കൊൽക്കത്തിയിലെത്തിയത്. കൊൽക്കത്തയിൽ നിന്ന് വ്യാജ ജനന സർട്ടിഫിക്കറ്റ് സ്വന്തമാക്കി. ജനന സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം ഇത് ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ സ്വന്തമാക്കി. പിന്നീട് മുംബൈയിലേക്കും അഹമ്മദാബാദിലേക്കും പോയി. 2009 – ൽ പൂനെയിലെത്തി. വിവിധ സ്ഥലങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു. ഒടുവിൽ 2012-ൽ മഹർഷി നഗറിൽ സ്ഥിരതാമസമാക്കി. ആദ്യം ഗാർമെൻ്റ് വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയും പിന്നീട് പൂനെയിൽ ടി-ഷർട്ടുകളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. പിടിച്ചെടുത്ത രേഖകളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പൂനെയിലെ കോടതിയിൽ ഹാജരാക്കിയ ഷെയ്ഖിനെ ജനുവരി 23 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
